ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത പ്രതിഷേധത്തിനും സംഘര്‍ഷത്തിനും. നവംബര്‍ 26-ന് ഡല്‍ഹി ചലോ എന്ന മുദ്രാവാക്യവുമായി തലസ്ഥാനത്തേക്ക് യാത്ര തിരിച്ച കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളുമായി രാജ്യതലസ്ഥാനം കൈയേറുന്ന കാഴ്ചയാണ് കണ്ടത്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂര്‍ റാലി എന്ന് പോലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റില്‍ പറത്തിയാണ് കര്‍ഷകര്‍ രാവിലെ തന്നെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്.
സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐ.ടി.ഒയില്‍ നിന്നാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലി ശക്തിപ്രകടനമായി മാറുകയായിരുന്നു. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും തകര്‍ത്ത് കര്‍ഷകര്‍ മുന്നേറി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി.
കര്‍ഷകരുടെ സമരകേന്ദ്രം സിംഘു അതിര്‍ത്തിയില്‍ നിന്ന് അധികാര കേന്ദ്രമായ ന്യൂഡല്‍ഹിയിലേക്ക് മാറുകയായിരുന്നു. സിംഘു, തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐ.ടി.ഒയില്‍ എത്തി. ഒരു മണിയോടെ ഐടിഒയില്‍ പ്രക്ഷോഭകര്‍ ബസുകള്‍ തകര്‍ത്തു. പോലീസുകാര്‍ക്ക് നേരെ കര്‍ഷകര്‍ ട്രാക്ടറുമായി പാഞ്ഞടുത്തു.
ഐടിഒയില്‍ പ്രക്ഷോഭത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകനെ പോലീസ് വെടിച്ചെതാണെന്ന് കര്‍ഷകര്‍ ആരോപിച്ചപ്പോള്‍ ട്രാക്ടര്‍ മറിഞ്ഞാണെന്നാണ് പോലീസ് പറഞ്ഞത്. ഐടിഒയില്‍ നിലവില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകന്റെ മൃതദേഹം വഹിച്ചുകൊണ്ട് കര്‍ഷകര്‍ ഇവിടെ പ്രധാനപാതയില്‍ ഇരുന്ന് പ്രതിഷേധം തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചക്കെത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മൃതദേഹം വിട്ടുകൊടുക്കാനും തയ്യാറായിട്ടില്ല.
നവംബര്‍ 26 മുതല്‍ അതിര്‍ത്തികളിലെ റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന കര്‍ഷകര്‍ പ്രതിഷേധത്തിനിടയിലും ഐടിഒയിലെ റോഡുകളില്‍ ഇരുന്ന് ഭക്ഷണം പങ്കുവെക്കുന്ന കാഴ്ചയും കണ്ടു.
ഐടിഒയ്ക്ക് പിറകേ ചെങ്കോട്ടയിലും നഗ്ലോയിലും സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഡല്‍ഹി നഗരവീഥികളില്‍ തലങ്ങും വിലങ്ങും ട്രാക്ടറുകള്‍ പായുന്ന കാഴ്ചകളാണ് ഇപ്പോഴും കാണുന്നത്. ഇപ്പോഴും നഗരത്തിലേക്ക് കര്‍ഷകര്‍ ട്രാക്ടറുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.