ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ ഹരിയാണയില്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും ബി.ജെ.പി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കൾ പറഞ്ഞു.

പ്രക്ഷോഭത്തിന്റെ ഭാഗമായി ഹരിയാണയില്‍ വ്യാപകമായ റാലികളും ട്രാക്ടര്‍ പരേഡും നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. 

അതേസമയം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും അടുത്ത മാസം സ്വാതന്ത്ര്യദിനവും കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ജന്തര്‍ മന്ദിറിലാണ് കര്‍ഷകരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ദിവസേന 200 പേര്‍ക്കാണ് പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ പോലീസ് അനുമതി നല്‍കിയിരിക്കുന്നത്.

Content Highlights: Farmers planning heavy protest in Haryana on Independence day