യോഗം ബഹിഷ്‌കരിച്ചതിന് ശേഷം കർഷക പ്രതിനിധികൾ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നു. | ഫോട്ടോ: എഎൻഐ
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കര്‍ഷക പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം അലങ്കോലമായി. കേന്ദ്രകൃഷിവകുപ്പ് മന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ അതൃപ്തി പ്രകടിപ്പിച്ച് മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചത്. തുടര്‍ന്ന് യോഗം ബഹിഷ്കരിച്ചു.
30 കര്‍ഷകസംഘടനകളുടെ പ്രതിനിധികളെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ കൃഷിവകുപ്പ് മന്ത്രിക്ക് പകരം ചര്‍ച്ചയില്‍ പങ്കെടുത്തത് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു. എന്നാല്‍ കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചു. മുദ്രാവാക്യം വിളികളോടെ കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പുകള്‍ കീറി എറിഞ്ഞു. നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. കര്‍ഷകപ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസംഘടനാപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തത്. ഇത് ചര്‍ച്ചകളൊന്നും നടക്കാതെ അലസിപ്പിരിയുകയും ചെയ്തു.
Content Highlights: Farmers Leave Meeting Over Minister's Absence, Tear Copies Of Farm Laws
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..