ബോസ്റ്റണ്‍: നാല് കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ സംഭവം തികച്ചും അപലപനീയമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തവെയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നത്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന മന്ത്രിമാരും ലഖിംപുര്‍ സംഘര്‍ഷത്തെ കുറിച്ച് മൗനം തുടരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ എന്തുകൊണ്ടാണ് പ്രതിരോധത്തിലാവുന്നതെന്നും മന്ത്രിയോട് ചോദ്യങ്ങളുയര്‍ന്നു.

'തീര്‍ച്ചയായും അങ്ങനെ ഇല്ല. ഇത്തരമൊരു അപലപനീയമായ സംഭവത്തെക്കുറിച്ചുള്ള ചോദ്യം തിരഞ്ഞെടുത്തത് സന്തോഷകരമാണ്. സമാനമായ സംഭവങ്ങള്‍ മറ്റു വിവിധ ഭാഗങ്ങളിലും നടക്കുന്നുണ്ട്. അതിലും എനിക്ക് ആശങ്കയുണ്ട്' നിര്‍മല സീതാരാമൻ പ്രതികരിച്ചു.

അത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം നിങ്ങളും ഇന്ത്യയെ അറിയാവുന്ന ഡോ.അമര്‍ത്യാസെന്‍ ഉള്‍പ്പടെയുള്ളവരും അത് ഉയര്‍ത്തിക്കാട്ടുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ആവശ്യാർഥം മാത്രമല്ല ഉയര്‍ത്തേണ്ടത്. കാരണം ബിജെപി അധികാരത്തിലിരിക്കുന്ന ഒരു സംസ്ഥാനമാണത്. ശരിയായ നീതി ലഭ്യമാക്കാനുള്ള അന്വേഷണപ്രക്രിയ തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

'ഇത് തന്റെ പാര്‍ട്ടിയെയോ പ്രധാനമന്ത്രിയെയോ പ്രതിരോധിക്കുന്നതല്ല. ഇന്ത്യയെ പ്രതിരോധിക്കുന്നതാണ്. ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കും. പാവപ്പെട്ടവരുടെ നീതിക്ക് വേണ്ടി സംസാരിക്കും. അതില്‍ ഞാന്‍ പരിഹസിക്കപ്പെടില്ല. പരിഹസിക്കുകയാണെങ്കില്‍ സോറി, നമുക്ക് വസ്തുതകളെ കുറിച്ച് സംസാരിക്കാം. അതാണ് നിങ്ങള്‍ക്കുള്ള ഉത്തരം' നിര്‍മല പറഞ്ഞു.

സര്‍ക്കാര്‍ പാസാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഒരു ദശകത്തിലേറെ വിവിധ പാര്‍ലമെന്ററി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.