ഭാഗ്പത് : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകരെ അപമാനിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സത്യപാല്‍ മാലിക് ആവശ്യപ്പെട്ടു.

വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിന് നിയമപരമായ ഉറപ്പ് നല്‍കിയിരുന്നെങ്കില്‍ കര്‍ഷകര്‍ അനുകൂല നിലപാട് സ്വീകരിക്കുമായിരുന്നു. കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ അറസ്റ്റില്‍ നിന്ന് സംരക്ഷിച്ചത് താനാണെന്നും സത്യപാല്‍ മാലിക് അവകാശപ്പെട്ടു.

കര്‍ഷകരെ ബലപ്രയോഗത്തിലൂടെ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുത്. അവരെ ഡല്‍ഹിയില്‍ നിന്ന് വെറും കയ്യോടെ പറഞ്ഞയക്കരുത്. കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നിയമം പോലും രാജ്യത്തില്ല. കര്‍ഷകരെയും സൈനികരെയും തൃപ്തിപ്പെടുത്താതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. 

കര്‍ഷകര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥിരമായി ശമ്പളം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കര്‍ഷകന്‍ വിതക്കുന്നതെല്ലാം വിലയില്ലാത്തതും അയാള്‍ വാങ്ങുന്നതെല്ലാം വിലകൂടിയതുമായി മാറുകയാണ്. എങ്ങനെയാണ് തങ്ങള്‍ ദരിദ്രരായതെന്ന് കര്‍ഷകര്‍ക്ക് പോലും അറിയില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങളെയും സത്യപാല്‍ മാലിക് വിമര്‍ശിച്ചു.

Content Highlights: Farmers Getting Poorer, Government Officials Richer says Meghalaya Governor