ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ഡൽഹിയിൽ പ്രതിഷേധം നയിക്കുന്ന കർഷകർ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യതലസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട റോഡുകൾകൂടി തടയുമെന്നും കർഷകർ നേതാക്കൾ ഭീഷണി മുഴക്കി.

കർഷ സംഘടനകളെ ഭിന്നിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി കർഷക നേതാവ് ദർശൻ പാൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രം പിൻവലിക്കുന്നത് വരെ കർഷകർ പ്രക്ഷോഭം തുടരും. നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമങ്ങൾ കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ തങ്ങളുടെ ആവശ്യങ്ങക്കായി സമ്മർദ്ദം ചെലുത്താൻ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കർഷക നേതാവ് ഗുർണം സിങ് ചടോണി പറഞ്ഞു. വ്യാഴാഴ്ച കേന്ദ്രസർക്കാരുമായി നടക്കുന്ന ചർച്ചയ്ക്ക് മുന്നോടിയായി 32 കർഷക സംഘടന പ്രതിനിധികളും ബുധനാഴ്ച പ്രത്യേക യോഗം ചേർന്നിരുന്നു.

കർഷക സമരത്തിന് പരിഹാരം കാണാൻ കേന്ദ്രസർക്കാരും തിരക്കിട്ട ചർച്ചകളിലാണ്. കർഷക നേതാക്കളുമായുള്ളയോഗത്തിന് മുന്നോടിയായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങുമായി വ്യാഴാഴ്ച രാവിലെ അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

കാർഷിക നിയമങ്ങൾക്കെതിരേ കഴിഞ്ഞ ഒരാഴ്ചയായി പഞ്ചാബ്, ഹരിയാണ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ ശക്തമായ പ്രക്ഷോഭം തുടരുകയാണ്. രാജസ്ഥാനിൽ നിന്നുള്ള കൂടുതൽ കർഷകരും കേന്ദ്രത്തിനെതിരേയുള്ള പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. അതേസമയം നിയമം പിൻവലിക്കില്ലെന്നും ഇവ കർഷകർക്ക് ഗുണകരമാണെന്നുമുള്ള ഉറച്ച നിലപാടിലാണ് കേന്ദ്രം.

content highlights:Farmers Demand Special Parliament Session to Repeal Agri Laws