
ഡൽഹി-ഹരിയാണ അതിർത്തി |Photo:PTI
ന്യൂഡല്‍ഹി: അഞ്ഞൂറോളം കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച 'ദില്ലി ചലോ' ഉപരോധത്തെത്തുടര്‍ന്നുള്ള പ്രതിഷേധം ഡല്ഹിയിലേക്കടുക്കുന്നു. ജലപീരങ്കിയും കണ്ണീര് വാതകവുമടക്കം വിവിധയിടങ്ങില്‍ പോലീസ് തീര്‍ത്ത പ്രതിബന്ധങ്ങള്‍ മറികടന്നാണ് കര്‍ഷക പ്രതിഷേധം ഡല്‍ഹിയിലേക്കെത്തുന്നത്.
കടുത്ത ശൈത്യത്തേയും അവഗണിച്ചുകൊണ്ട് ട്രാക്ടറുകളില്‍ അരിയും മറ്റു അവശ്യസാധനങ്ങളുമായിട്ടാണ് ആയിരകണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനം ലക്ഷ്യമാക്കികൊണ്ട് നീങ്ങികൊണ്ടിരിക്കുന്നത്.
ഇതിനിടെ ഇന്ന് രാവിലെ ഹരിയാണ-ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വന്‍ പോലീസ് സന്നാഹമാണ് ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ട്. സിമന്റ് ബാരിക്കേഡുകള്‍ക്ക് പുറമെ മുള്‍കമ്പികളും ഉപയോഗിച്ചാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. കൂടാതെ മണല്‍ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസ്സമായി നിര്‍ത്തിയിട്ടിട്ടുണ്ട്. ഇതൊന്നും തങ്ങള്‍ക്ക് തടസ്സമല്ലെന്നും ഇന്ന് അരലക്ഷത്തിലധികം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തി കടക്കുമെന്നും കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു.
ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. ആയിരത്തിലേറെ കര്‍ഷകനേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യയില്‍ പലയിടത്തും സ്ഥിതി സംഘര്‍ഷാത്മകമാണ്.
ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പോലീസ് ഉത്തരവിറക്കിയിരുന്നു. സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയിലെ അംബാലയില്‍ കര്‍ഷകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതുകൂസാതെ, ബാരിക്കേഡുകള്‍ തള്ളിമാറ്റി കര്‍ഷകര്‍ ട്രാക്ടറുകളില്‍ മുന്നോട്ടുനീങ്ങി. പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയിലെ ശംഭുവില്‍ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരും പോലീസും ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ ഗഗ്ഗാര്‍ നദിയിലേക്ക് തള്ളിയിട്ട് കര്‍ഷകര്‍ മുന്നോട്ടുനീങ്ങി.
അമൃത്സര്‍-ഡല്‍ഹി ദേശീയപാതയില്‍ പോലീസ് കര്‍ഷകമാര്‍ച്ചിനെ തടഞ്ഞു. പഞ്ചാബിലെ കൈത്താള്‍ ജില്ലയിലും സമരക്കാര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് വിലക്കു ലംഘിച്ച് കര്‍ഷകര്‍ ട്രാക്ടറുകളില്‍ പ്രതിഷേധവുമായി നീങ്ങി. അംബാലയിലെ സദോപുര്‍ അതിര്‍ത്തിയിലും കര്‍ഷകരെ പോലീസ് തടഞ്ഞു. സോനിപ്പത്ത്, കര്‍ണാല്‍ തുടങ്ങിയ ജില്ലകളിലൊക്കെ കര്‍ഷകപ്രക്ഷോഭം അരങ്ങേറി. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഉപരോധം നടത്തുമെന്നാണ് സമരം നയിക്കുന്ന ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനം.
വിലക്കുലംഘിച്ച് മജ്നു കാട്ടിലയില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മഹാസംഘ് ദേശീയ നേതാക്കളായ ശിവകുമാര്‍ കക്കാജി, കെ.വി. ബിജു, അഭിമന്യു കഹാര്‍ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു.
പാര്‍ലമെന്റ് സ്ട്രീറ്റിനു സമീപം ജന്തര്‍മന്തറില്‍ പ്രതിഷേധിച്ച കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശില്‍നിന്നു പ്രകടനമായി പുറപ്പെട്ട സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ ആഗ്രയ്ക്കുസമീപം അറസ്റ്റു ചെയ്തു. സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവിനെ ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയിലെ ഗുഡ്ഗാവില്‍ കസ്റ്റഡിയിലെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..