ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല. 

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പുതിയ ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് കര്‍ഷക സംഘടനകള്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. 

തങ്ങള്‍ ഉന്നയിച്ച ആറ് ആവശ്യങ്ങളില്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യം മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതെന്നും മറ്റ് വിഷയങ്ങളിലും തീരുമാനമുണ്ടാകണമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ഡിസംബര്‍ നാല് വരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമോ എന്ന് കാത്തിരിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഡിസംബര്‍ നാലിനുള്ളില്‍  ഈ വിഷയങ്ങളില്‍ ധാരണയായാല്‍ സമരം പിന്‍വലിക്കും 

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ച് സമരവുമായി മുന്നോട്ട്  പോകാനാണ് കര്‍ഷക സംഘടനകള്‍ ധാരണയിലെത്തിയിരിക്കുന്നത്.

Content Highlights: Farmers Defer March, Bill To Scrap Farm Laws In Parliament On Monday