ന്യൂഡല്‍ഹി: കാര്‍ഷിക വായ്പ മൊറട്ടോറിയത്തില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ യു.ഡി.എഫ്. എം.പി.മാരുടെ പ്രതിഷേധ ധര്‍ണ. കര്‍ഷകരുടെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെതിരെയാണ് കേരളത്തില്‍നിന്നുള്ള യു.ഡി.എഫ്. എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 

രാഹുല്‍ഗാന്ധി ഒഴികെയുള്ള കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ ചൊവ്വാഴ്ച രാവിലെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. അതേസമയം, യു.ഡി.എഫ്. എം.പിമാരുടെ ധര്‍ണ ഏകപക്ഷീയമായെന്ന് സി.പി.എം. എം.പി. എ.എം. ആരിഫ് പ്രതികരിച്ചു.

ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കൂടിയാലോചിക്കാമായിരുന്നു. ഇനിയുള്ള സമരങ്ങളില്‍ അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യു.ഡി.എഫ്. എം.പി.മാരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു- എ.എം ആരിഫ് പറഞ്ഞു.  

Content Highlights: farmers bank loan moratorium; udf mp's protest in parliament