ന്യൂഡല്‍ഹി: അന്തിമവിജയം കര്‍ഷകരുടെ സമരവീര്യത്തിനുതന്നെ. ഒന്നര വര്‍ഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കര്‍ഷക സമരത്തിന് പര്യവസാനം. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് സഹനസമരത്തിന്റെ പുതിയ ഏടുകള്‍ രചിച്ച ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍  കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.

ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. 'ഞങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കും' സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു.

കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നതടക്കം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം. അതേസമയം, താങ്ങുവില സംബന്ധിച്ചും ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. രാജ്യതലസ്ഥാന അതിര്‍ത്തികളിലെ  ഉപരോധം പൂര്‍ണ്ണമായും പിന്‍വിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

കര്‍ഷക സംഘടനകള്‍ വ്യാഴാഴ്ച വൈകിട്ട് 5:30 ന് വിജയ പ്രാര്‍ത്ഥന നടത്തും. ഡിസംബര്‍ 11 ന് രാവിലെ 9 മണിയോടെ ഡല്‍ഹിയുടെ അതിര്‍ത്തികളായ സിംഘുവിലും തിക്രിയിലുമുള്ള സമര കേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ചും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കര്‍ഷക സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 21 ന് പ്രധാനമന്ത്രി മോദിക്ക് സംയുക്ത കിസാന്‍ മോര്‍ച്ച അയച്ച കത്തിനെ തുടര്‍ന്ന് കേന്ദ്രം കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സമിതിക്ക് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയത്.

കര്‍ഷകര്‍ ഉന്നയിച്ചിരുന്ന ആറ് ആവശ്യങ്ങള്‍

  • സമഗ്രമായ ഉല്‍പാദനച്ചെലവ് അടിസ്ഥാനമാക്കിയുള്ള എംഎസ്പി എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും എല്ലാ കര്‍ഷകര്‍ക്കും നിയമപരമായ അവകാശമാക്കണം.
  • കേന്ദ്രം മുന്നോട്ടുവെച്ച കരട് വൈദ്യുതി നിയമ ഭേദഗതി ബില്‍ 2020/2021 പിന്‍വലിക്കുക.
  • ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കര്‍ഷകരെ ശിക്ഷിക്കുന്നതിനുള്ള എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനിലെ  വ്യവസ്ഥകള്‍ നീക്കംചെയ്യുക
  • ഡല്‍ഹി, ഹരിയാണ, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കുക.
  • ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക.
  • പ്രക്ഷോഭത്തില്‍ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണം. മരിച്ച കര്‍ഷകരുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മിക്കാന്‍ സിംഘു അതിര്‍ത്തിയില്‍ ഭൂമി നല്‍കണം