ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ ചര്‍ച്ചയില്‍ കര്‍ഷകരോടു കേന്ദ്രം പറഞ്ഞു. നിയമങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തോളം നിര്‍ത്തിവെക്കാമെന്നും കേന്ദ്രം കര്‍ഷകരെ അറിയിച്ചു. പക്ഷെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു.
നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് വിവരം. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പിന്‍വലിച്ച ശേഷം ചര്‍ച്ച ചെയ്യുകയും പിന്നീട് ആവശ്യമെങ്കില്‍ മറ്റൊരു പുതിയ നിയമം കൊണ്ടുവരാനുമുള്ള സാധ്യതയുമാണ് ഇന്നത്തെ യോഗത്തില്‍ കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചിരുന്നത്.
content highlights: farmer union leaders-union government meeting over farm laws: tenth round discussion failed