ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. പുതിയ കാർഷിക നിയമങ്ങൾ ഏകപക്ഷീയമാണെന്നും മതിയായ ചർച്ചകളില്ലാതെയാണ് നിയമം പാസാക്കിയതെന്നും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭാനു പ്രതാപ് സിങ് കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചു.
പുതിയ കാർഷിക നിയമങ്ങൾ വാണിജ്യവത്‌ക്കരണത്തിലേക്ക് നയിക്കുമെന്നും കർഷകരെ കോർപ്പറേറ്റുകളുടെ കാരുണ്യത്തിലേക്ക് തള്ളിവിടുമെന്നും ഭാരതീയ കിസാൻ യൂണിയൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം രണ്ടാഴ്ചയിലേറെയായി തുടരുമ്പോഴും കേന്ദ്രം നിലപാട് മാറ്റാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കർഷക സംഘനടകൾ സുപ്രീം കോടതിയെ സമീപിച്ചത്.
സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ കാർഷിക നിയമത്തെ എതിർത്തുകൊണ്ട് ഇതിനോടകം ലഭിച്ച നിരവധി ഹർജികളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
കർഷകുരടെ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ട്രെയിനുകൾ തടയാനും കർഷക സംഘനടകൾ തീരുമാനിച്ചിരുന്നു. സമരത്തിൽ പങ്കാളികളാകാൻ പഞ്ചാബ്, ഹരിയാണ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹി അതിർത്തികളിലേക്ക് ആയിരക്കണക്കിന് കർഷകർ ഒഴുകിയെത്തുകയാണ്.
content highlights:Farmer Union Goes To Supreme Court, Wants "Arbitrary" Farm Laws Scrapped