ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തളണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ ക്രാന്തി യാത്ര നടത്തുന്ന കര്‍ഷകരുമായി ധാരണയില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍. ഭാരതീയ കിസാന്‍ യൂണിയന്റെ യാത്രയില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍ വാതകവും ജല പീരങ്കിയും ഉപയോഗിച്ച നടപടി പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണിത്.

കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കര്‍ഷകര്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പ്രശ്‌നങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. യു.പി മന്ത്രിമാര്‍ക്കൊപ്പം താന്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു.

ഡല്‍ഹി - യു.പി അതിര്‍ത്തില്‍വച്ചാണ് പോലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചത്. കര്‍ഷകരുടെ യാത്ര രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് മുകളിലേക്ക് ട്രാക്ടര്‍ ഓടിച്ചു കയറ്റാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

പോലീസ് നടപടിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സമാധാനപരമായി ഡല്‍ഹിയിലേക്കുവന്ന കര്‍ഷകരെ നേരിട്ടുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഗാന്ധിജയന്തി ദിനാഘോഷത്തിന് തുടക്കം കുറിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. തങ്ങള്‍ നേരിടുന്ന ദുരിതത്തെപ്പറ്റി പരാതി പറയാന്‍ രാജ്യതലസ്ഥാനത്തേക്ക് വരാന്‍പോലും കര്‍ഷകര്‍ക്ക് അനുവാദമില്ലെന്നും രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് എത്താന്‍ കര്‍ഷകരെ അനുവദിക്കണമെന്നും തടയുന്നത് ശരിയല്ലെന്നും കെജ്‌രുവാള്‍ പറഞ്ഞു.