ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാര്‍ രണ്ടാംഘട്ട ചര്‍ച്ച ഉടന്‍. 40 കര്‍ഷക സംഘടന പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി വിജ്ഞാന്‍ ഭവനിലെത്തി.
ചര്‍ച്ച ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കര്‍ഷക സംഘടന നേതാവ് രാകേഷ് ടികത് പറഞ്ഞു. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ഷകര്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
We are hopeful that the talks will be productive. If our demands are not met then the farmers will take part in the Republic Day parade held in Delhi: Farmer leader Rakesh Tikat at Vigyan Bhawan in Delhi#FarmerProtest pic.twitter.com/ZykfomDMgt
— ANI (@ANI) December 3, 2020
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ അടിയന്തരമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷക പ്രതിഷേധം ഇന്ന് എട്ടാമത്തെ ദിവസത്തിലേക്ക് കടന്നു.
എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ ഉള്ളതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, താങ്ങുവില വിഷയത്തില്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നാണ് സൂചന.
പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങളുടെ പകര്‍പ്പ് കേന്ദ്രത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ഇതിലെ ആവശ്യങ്ങള്‍ ഓരോന്നും കര്‍ഷക സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും.
അതേസമയം ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധരും കര്‍ഷകരുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കാനാകും സര്‍ക്കാര്‍ നീക്കം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും അതില്‍ ഒത്തുതീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള അവസാനത്തെ അവസരമാണ് ഇന്നത്തെ ചര്‍ച്ചയെന്ന് നേരത്തെ കര്‍ഷക സംഘടനകള്‍ പ്രതികരിച്ചിരുന്നു.
അതേസമയം കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തും. സിംഘു, നോയ്ഡ, ഘാസിപുര്‍, തിക്രി അതിര്‍ത്തികളിലാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.
content highlights: farmer's protest: government-farmer leaders talk