ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടക്കുന്ന വ്യാഴാഴ്ച കര്‍ഷകര്‍ രാജ്യവ്യാപകമായി തീവണ്ടി തടയും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് ഇന്ന് നാലുമണിക്കൂര്‍ തീവണ്ടികള്‍ തടയുന്നത്. ഉച്ചയ്ക്കു 12 മുതല്‍ വൈകീട്ട് നാലു വരെയാണ് സമരം. 

സമരത്തെ നേരിടാൻ വൻ സന്നാഹമാണ് റെയിൽവേ ഒരുക്കുന്നത്. പലയിടങ്ങളിലും കൂടുതൽ സി.ആർ.പി.എഫിനെ റെയിൽവേ വിന്യസിച്ചിട്ടുണ്ട്.

പഞ്ചാബ്, ഹരിയാണ, യു.പി., രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി തീവണ്ടി തടയും. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

റോഡ് ഉപരോധം വിജയമായതിനെത്തുടര്‍ന്ന് രാജ്യവ്യാപക പ്രക്ഷോഭം ഊര്‍ജിതമാക്കുമെന്ന് കര്‍ഷകസംഘടനകള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. 

സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഡല്‍ഹി അതിര്‍ത്തികളിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തും. തീവണ്ടി തടയല്‍ സമരത്തിന് മുന്നോടിയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ വ്യാഴാഴ്ച രാജ്യവ്യാപകമായി നടക്കുന്ന തീവണ്ടിതടയല്‍ സമരത്തില്‍ കര്‍ണാടകത്തിലെ കര്‍ഷകരും പങ്കെടുക്കും. ബെംഗളൂരു, മൈസൂരു തുടങ്ങിയ പ്രദേശങ്ങളിലാണ് കര്‍ഷകരുടെ തീവണ്ടി തടയല്‍ സമരം നടക്കുക. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ വിവിധ രീതിയിലുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്ന് കര്‍ണാടക ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍സ് യൂണിയന്‍ പ്രസിഡന്റ് കുറുബൂര്‍ ശാന്തകുമാര്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലും പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ ബെംഗളൂരുവില്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇതോടൊപ്പം മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തി. വ്യാഴാഴ്ചയും വിവിധ ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ തീവണ്ടി തടയല്‍ സമരത്തില്‍ പങ്കെടുക്കും.

content highlights: Farmer's call for rail roko