ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ കാര്‍ഷിക നിയമങ്ങള്‍, കാര്‍ഷിക മേഖലയിലെ നവീകരണത്തിന്റെ സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നവയാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). എന്നാല്‍, പുതിയ സംവിധാനത്തിലേയ്ക്കുള്ള മാറ്റം ഏറ്റവും ദോഷകരമായി ബാധിക്കുന്നവരെ സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നാണയനിധി അഭിപ്രായപ്പെട്ടു. 

കാര്‍ഷിക നിയമങ്ങള്‍ക്ക് ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ നവീകരണത്തില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പിനെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഐ.എം.എഫ്. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജെറി റൈസിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതുമൂലം കര്‍ഷകര്‍ക്ക് വില്‍പ്പനക്കാരുമായി നേരിട്ട് കരാറിലേര്‍പ്പെടാം, ഇടനിലക്കാരെ ഒഴിവാക്കി കൂടുതല്‍ വരുമാനം നേടാം. ഇത് കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഗ്രാമീണ മേഖലയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നുവെന്ന് റൈസ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍, പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ അത് ഏറ്റവും മോശമായി ബാധിക്കുന്നവരെ സംരക്ഷിക്കുക എന്നത് പ്രധാനമാണെന്നും ഐ.എം.എഫ്. വക്താവ് പറഞ്ഞു. പരിഷ്‌കാരങ്ങള്‍ ബാധിക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം 50 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ഐ.എം.എഫ്. ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.

Content Highlights: Farm Laws Potentially Significant, Those Affected Must Be Protected: IMF