ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ബില്ലുകള്‍ തമിഴ്‌നാട്ടിലെ കര്‍ഷകരെ ബാധിക്കില്ലെന്നും അവര്‍ക്ക് അനുകൂലമായ പല വ്യവസ്ഥകളും അതിലുണ്ടെന്നും പളനിസ്വാമി പറഞ്ഞു.
വിഷയത്തില്‍ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന എം.കെ. സ്റ്റാലിനേക്കാള്‍ തനിക്ക് കൃഷിയേപ്പറ്റിയും കര്‍ഷകരേയും മനസിലാക്കാനറിയാമെന്ന് പളനിസ്വാമി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നുബില്ലുകളും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തമിഴ്‌നാട്ടിലെ കര്‍ഷകരെ ബാധിക്കുന്നില്ലാത്തതുകൊണ്ട് ബില്ലിനെ പിന്തുണയ്ക്കാനാണ് തീരുമാനം. പഞ്ചാബിലേതുപോലുള്ള സാഹചര്യമല്ല തമിഴ്‌നാട്ടിലേതെന്നും രണ്ടു സംസ്ഥാനങ്ങളെയും ഇക്കാര്യത്തില്‍ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ദിഷ്ട ബില്ലുകള്‍ നിയമമായാലും പൊതുവിതരണ സമ്പ്രദായത്തിന് വേണ്ടിയുള്ള സംഭരണം സര്‍ക്കാര്‍ തുടരും. കര്‍ഷകര്‍ക്ക് പാന്‍ നമ്പര്‍ വേണമെന്ന് നിര്‍ബന്ധിക്കപ്പെടുന്നില്ല. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ വില ലഭിക്കുന്ന സ്ഥലങ്ങളില്‍ വില്‍ക്കാന്‍ അനുവാദം ലഭിക്കുന്നു- അദ്ദേഹം പറഞ്ഞു.
വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്ലില്‍ പ്രതിപാദിക്കുന്ന കരാര്‍ വ്യവസ്ഥ നിലവില്‍ തമിഴ്‌നാട്ടിലെ കൊക്കൊ, കരിമ്പ്, പൗള്‍ട്രി മേഖലകളില്‍ കാലങ്ങളായി തുടരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്‍ നിയമമാകുന്നതോടെ ഈ രീതിക്ക് നിയമപരമായ ചട്ടക്കൂടുണ്ടാകുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ എതിര്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ഷകരുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ബില്ലുകളാണ് സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയത്. കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്ല്, കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, അവശ്യ വസ്തുക്കളുടെ (ഭേദഗതി) ബില്‍ എന്നിവയാണ് ലോക്‌സഭ പാസാക്കിയത്. ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭയിലെത്തും. രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ എഐഎഡിഎംകെയുടെ പിന്തുണ കേന്ദ്രത്തിന് ശക്തിപകരും.
Content Highlights: Farm Bills beneficial for farmers: Tamil Nadu CM