ഭോപ്പാല്‍: പ്രണയം തെളിയിക്കാന്‍ സ്വയം വെടിയുതിര്‍ത്ത് മരണത്തിലേക്ക് നടന്നുനീങ്ങിയ കാമുകന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കാമുകിയുടെ പിതാവിന്റെ ആവശ്യപ്രകാരം പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിര്‍ത്ത യുവ മോര്‍ച്ച നേതാവ് അതുല്‍ ലോഖണ്ഡെയുടെ ഹൃദയമുള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്തു.

 അതുല്‍ ലോഖണ്ഡെയുടെ അവയവങ്ങള്‍ ദാനം നല്‍കാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 

അദ്ദേഹത്തിന്റെ ഹൃദയം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് കൊണ്ടുപോയി. കരളും വൃക്കകളും ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേര്‍ക്ക് നല്‍കാനായി കൊണ്ടുപോയി. കണ്ണുകള്‍ ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ദാനം ചെയ്തു.

മൂന്ന് ദിവസം മുമ്പാണ് അതുല്‍ ലോഖണ്ഡെ തന്റെ കാമുകിയുടെ വീടിന് മുന്നിലെത്ത് സ്വയം നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ അതുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. 

അതുലും കാമുകിയും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ്. മകളോടു പ്രണയമുണ്ടെന്നു തെളിയിക്കാന്‍ ആത്മഹത്യചെയ്യണമെന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരമാണു താനങ്ങനെ ചെയ്യുന്നതെന്നു അതുല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. 13 വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ശിവാജി നഗറിലുള്ള അവരുടെ വീട്ടില്‍ച്ചെന്നു തന്റെ മകളോടുള്ള സ്‌നേഹം ആത്മഹത്യചെയ്തു തെളിയിക്കാനാണ് അവളുടെ അച്ഛന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരണത്തെ അതിജീവിച്ചാല്‍ അവളെ എനിക്കു വിവാഹംചെയ്തു തരാമെന്നും പറഞ്ഞു. ഞാനിപ്പോള്‍ അവളുടെ വീട്ടിലാണ്. ഞാന്‍ ഇവിടെ മരിക്കുകയാണെങ്കില്‍ എന്നെ ഇവിടെനിന്നു കൊണ്ടുപോവുക. അല്ലെങ്കില്‍ ഞാന്‍ തിരിച്ചുവരും. എനിക്ക് അവളില്ലാതെ ജീവിക്കാനാവില്ല. അതുകൊണ്ടു ഞാന്‍ പോകുന്നു. ഇതാണ് അതുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

എല്ലാ കമിതാക്കളും അവരുടെ ഹൃദയമാണു നല്‍കുക. പക്ഷേ, ഞാനെന്റെ ജീവനാണു നല്‍കുന്നത്. വ്യത്യസ്ത ജാതി, മതങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ കൂടുതലുണ്ടാവട്ടെ. ശക്തമായ ഒരു ഇന്ത്യയുണ്ടാവട്ടെയെന്നും പോസ്റ്റിലുണ്ട്.

Content Highlight: BJP Leader, Yuva Morcha, Bhopal, Shot Died, Shoot Himself, Organ Donation