ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആറ് പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മറ്റ് അനേകം പോലീസുകാരുടെ വീടുകളിൽ ഭീകരര്‍ എത്തിയതായും വിവരമുണ്ട്.

ഇത് ഭീകരരുടെ ഒരു സമ്മര്‍ദ തന്ത്രമായാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. നേരത്തെ ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പോലീസ് റെയ്ഡുകള്‍ നടത്തി കുറച്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് തട്ടിക്കൊണ്ടു പോകലെന്ന് പോലീസ് കരുതുന്നു.

പുല്‍വാമ, അനന്തനാഗ്, കുല്‍ഗാം ജില്ലകളിലെ പോലീസുകാരുടെ വീട്ടിലെത്തിയാണ് ഭീകരര്‍ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയത്. പുല്‍വാമ ജില്ലയില്‍ വ്യാഴാഴ്ച ഒരു പോലീസുകരനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

ശ്രീനഗറിലെ ഒരു പോലീസുകാരന്റെ മകനും മറ്റൊരാളുടെ സഹോദരനും ഭീകരരുടെ പിടിയിലാണ്. ഇതില്‍ ഒരു കുടുംബം തങ്ങളുടെ മകനെ വിട്ട് തരണമെന്നും തങ്ങളോട് കരുണ കാണിക്കണമെന്നും ഭീകരരോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

ഭീകരര്‍ തട്ടിക്കൊണ്ടുപൊയവരുടെ മോചനത്തിനായുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങളെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഷോപിയാന്‍ ജില്ലയിലെ ഭീകരാക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുടനീളം പോലീസ് റെയ്ഡുകളും പരിശോധനകളും നടന്നിരുന്നു. ഇതിനെതിരെ പല ഗ്രാമങ്ങളിലും പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. ചില വീടുകള്‍ക്ക് പോലീസ് തീവെച്ചു എന്നാണ് ഗ്രാമവാസികളുടെ ആരോപണം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ ലക്ഷ്യം വെക്കുന്നത് ആദ്യമാണ്.

content highlights: Family Members Of 6 Policemen Kidnapped By Terrorists In Kashmir