ഈസ്റ്റ് ഗോദാവരി: കോവിഡ് ബാധിച്ച് മരിക്കുമെന്ന് ഭയന്ന് ഒരു കുടുംബം വീടിനുള്ളില്‍ അടച്ച് കഴിഞ്ഞത് 15 മാസം. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് കോവിഡ് രോഗബാധയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വര്‍ഷവും രണ്ട് മാസവും മറ്റുള്ളവരുമായി ബന്ധപ്പെടാതെ സ്വയം തടവില്‍ കഴിഞ്ഞത്. ഇവരെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു.

കഡലി ഗ്രാമത്തിലെ രുത്തമ്മ (50), മക്കളായ കന്ദമണി (32), റാണി (30) എന്നിവരാണ് ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗ്രാമത്തിലെ ചെറിയ കൂരയില്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം അയല്‍വാസിക്ക് കോവിഡ് ബാധിച്ചതോടെയാണ് തങ്ങള്‍ക്കും രോഗം വന്നേക്കുമെന്ന ഭീതിയില്‍ ഇവര്‍ വീടിനുള്ളില്‍ സ്വയം അടച്ചിട്ടത്.

ഇവരുടെ വീട്ടിലെത്തിയ ഗ്രാമസഭയിലെ സന്നദ്ധ പ്രവര്‍ത്തകനാണ് വീട്ടിനുള്ളില്‍ കഴിഞ്ഞ അമ്മയെയും മക്കളെയും കണ്ടെത്തിയത്.സര്‍ക്കാരിന്റെ ഒരു ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് വീട്ടുകാരില്‍നിന്ന് അപേക്ഷ ഒപ്പിട്ട് വാങ്ങുന്നതിന് വീട്ടിലെത്തിയതായിരുന്നു ഇയാള്‍. ഏറെ വിളിച്ചെങ്കിലും ഇവര്‍ പുറത്തിറങ്ങാന്‍ തയ്യാറായില്ല. പുറത്തിറങ്ങിയാല്‍ മരിക്കുമെന്നായിരുന്നു ഇവരുടെ ഭയം.

മുഷിഞ്ഞ വസ്ത്രം ധരിച്ച്, മാസങ്ങളായി കുളിക്കാതെ, മുടിവളര്‍ന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ശരിയായി ഭക്ഷണം കഴിക്കാതെ മരണാസന്നരായിരുന്നു ഇവര്‍. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസും ഗ്രാമവാസികളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

കോവിഡ് ഭയത്താല്‍ ഇവര്‍ കഴിഞ്ഞ 15 മാസമായി പുറത്തുനിന്നുള്ള ആരുമായും ഒരുവിധത്തിലുള്ള ബന്ധവും പുലര്‍ത്താതെയാണ് കഴിഞ്ഞിരുന്നതെന്ന് ഗ്രാമത്തലവന്‍ ചോപ്പാല ഗുരുനാഥ് പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരോ ആരോഗ്യപ്രവര്‍ത്തകരോ വീട്ടിലെത്തിയാല്‍ ഇവര്‍ പുറത്തിറങ്ങുകയോ പ്രതികരിക്കുകയോ ചെയ്യാറില്ല. വീട്ടില്‍ ആരുമില്ലെന്ന് കരുതി വരുന്നവര്‍ തിരികെ പോകുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

അനാരോഗ്യം മൂലം നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലായിരുന്നു മൂവരുമെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. കണ്ടെത്താന്‍ ഏതാനും ദിവസംകൂടി വൈകിയിരുന്നെങ്കില്‍ ഇവരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നെന്നും പോലീസ് പറഞ്ഞു.

Content Highlights: Family Locks Themselves In For 15 Months Fearing Death From Covid 19