റസോള്‍ (ആന്ധ്രപ്രദേശ്) : കോവിഡ് ബാധിച്ച അയല്‍വാസിയുടെ മരണം നേരില്‍ കണ്ട ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു കുടുംബം വീടിനുളിളില്‍ അടച്ചിരുന്നത് 15 മാസം. ആന്ധ്രാപ്രദേശിലെ റസോള്‍ ഗ്രാമത്തിലാണ് സംഭവം.

കോവിഡ് ഭീതിയെ തുടര്‍ന്ന് അമ്മയും രണ്ട് പെണ്‍മക്കളും കഴിഞ്ഞ 15 മാസമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ അച്ഛന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഒരു ചെറിയ ഇരുണ്ട മുറിയില്‍ അടച്ചിരുന്ന മൂന്ന് സ്ത്രീകളെയും ഈസ്റ്റ് ഗോദാവരി പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ വിഷാദരോഗാവസ്ഥയിലായിരുന്നു.

മാസങ്ങളായി കുടുംബം വീട് വിട്ട് പുറത്തിറങ്ങാറില്ലെന്നും വീട്ടിലെ സ്ത്രീകളെ പുറത്ത് കാണാറില്ലെന്നും ശ്രദ്ധിച്ച ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പോലിസിനെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തായത്.

''കോവിഡ് ഭീതിയെ തുടര്‍ന്ന് മാസങ്ങളായി മൂന്ന് സ്ത്രീകള്‍ ഒരു മുറിയില്‍ അടച്ചിക്കുകയാണെന്നും അവരുടെ പിതാവ് മാത്രമാണ് വീട്ടില്‍ നിന്ന് പുറത്തുപോകുന്നതെന്നും ഞങ്ങള്‍ക്ക് ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വിവരം ലഭിക്കുകയായിരുന്നു,'' പോലീസ് ഉദ്യോഗസ്ഥനായ കൃഷ്മാചാരി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുമായി സ്ഥലത്തെത്തിയ പോലീസ്  മൂന്ന് സ്ത്രീകളെയും  ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: Family locks themselves for 15 months over Covid fears