-
ജയ്പുര്‍: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘച്ച് ആര്‍ഭാട വിവാഹം നടത്തുകയും വരനടക്കമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്ത സംഭവത്തില്‍ 6.26 ലക്ഷം രൂപ പിഴ. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് 250ല്‍ അധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയത്. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ജൂണ്‍ 13ന് ആയിരുന്നു വിവാഹം. പരമാവധി 50 പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിബന്ധന ലംഘിച്ചാണ് വിവാഹം നടന്നത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്‌കോ സാനിറ്റൈസറോ ഉപയോഗിച്ചില്ലെന്നും സാമൂഹ്യ അകലം പാലിച്ചില്ലെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. പങ്കെടുത്തവരില്‍ വരന്‍ അടക്കം 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വരന്റെ മുത്തച്ഛന്‍ കോവിഡ് ബാധിതനായി മരിക്കുകയും ചെയ്തു.
വരനെ കൂടാതെ അദ്ദേഹത്തിന്റെ അമ്മാവന്‍, അമ്മായി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വധു അടക്കം 17 പേര്‍ പരിശോധനയില്‍ രോഗബാധയേറ്റിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച 15 പേരെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കൂടാതെ വിവാഹത്തില്‍ പങ്കെടുത്ത 100 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
രോഗബാധയുണ്ടായവരുടെ ചികിത്സ, ക്വാറന്റീന്‍ ചെലവുകള്‍ തുടങ്ങിയവയ്ക്കായി 6,26,600 രൂപ പിഴയടയ്ക്കണമെന്നു കാണിച്ച് വരന്റെ പിതാവിന് ബില്‍വാര ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം അടയ്ക്കണമെന്നാണ് നിര്‍ദേശം. കൂടാതെ വരും ദിവസങ്ങളില്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാവുകയാണെങ്കില്‍ അതും വരന്റെ കുടുംബത്തില്‍നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Content Highlights: Family fined over lavish wedding, groom & 15 others get Corona
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..