ന്യൂഡൽഹി: വ്യാജ വർത്തകൾ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. വ്യാജ വാർത്തകളുടെ ഭീഷണികൾ ഒഴിവാക്കാൻ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി നിർദേശിച്ചു.

വ്യാജ വാർത്തകൾ എന്താണോ അത്രത്തോളം അപകടകരമല്ല പെയ്ഡ് ന്യൂസ്‌. വ്യാജ വാർത്തകൾക്ക് സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശക്തിയുണ്ട്. സോഷ്യൽ മീഡിയ വഴി കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന പൊതുബോധം പൊതുജീവിതത്തിന് വലിയ വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐ.എ.എം.എ.ഐയുടെ വിർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യാജ വാർത്ത ഭീഷണി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ഇവ തടയാൻ പല രാജ്യങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വയം നിയന്ത്രിക്കാനായി ഒരു സംവിധാനമുണ്ടാവണം . ഇല്ലെങ്കിൽ വ്യാജവാർത്ത ഭീഷണിയുടെ ആഘാതം എല്ലാവരും ഏറ്റുവാങ്ങേണ്ടിവരും. രാഷ്ട്രീയ മേഖലയിൽ മാത്രം ഇത്‌ ഒതുങ്ങുന്നില്ല. എല്ലാ മേഖലകളും ഈ ഭീഷണി നേരിടേണ്ടിവരും. വ്യാജ വാർത്തകൾ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണ്. അതിനെ നേരിടാൻ നമ്മൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അച്ചടി മാധ്യമങ്ങളെക്കാള്‍ കൂടുതൽ ശക്തി ഇപ്പോൾ ഡിജിറ്റൽ പതിപ്പുകളിലെ ഉള്ളടക്കങ്ങൾക്കുണ്ട്. ആളുകൾ വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ലഭിക്കുന്ന ഉള്ളടക്കങ്ങളെല്ലാം വിശ്വസിക്കാൻ പ്രവണത കാണിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

പ്രത്യേക ഫാക്ട് ചെക്ക് ടീമിനെ രൂപീകരിച്ച് ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള വ്യാജ വാർത്തകൾ തടയാൻ സർക്കാർ മുൻകൈ എടുത്തിട്ടുണ്ട്. വ്യാജ വാർത്തകൾ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. അതിനാലാണ് 2019 ഒക്ടോബറിൽ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും പിഐബി ഫാക്ട് ചെക്ക് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

content highlights:Fake news more dangerous than paid news, calls for self regulation: Union Minister Prakash Javadekar