ഭോപ്പാല്‍: മധ്യപ്രദേശില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) പ്രകാരം തൊഴിലാളികള്‍ക്ക് പണം അനുവദിച്ചതില്‍ വ്യാപക ക്രമക്കേട്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളടക്കം ഉപയോഗിച്ച് വ്യാജ തൊഴില്‍ കാര്‍ഡുകള്‍ തയ്യാറാക്കിയാണ്  ക്രമക്കേട് നടത്തിയത്. 

ഖാര്‍ഗോണിലെ പിപ്പാര്‍ഖെഡാനക ഗ്രാമപഞ്ചായത്തില്‍ ഒരു ഡസനിലധികം വ്യാജ തൊഴില്‍ കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബോളിവുഡ് അഭിനേതാക്കളായ ദീപിക പദുക്കോണ്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ അടക്കം ചിത്രങ്ങള്‍ ഒട്ടിച്ച കാര്‍ഡുകളാണ് കണ്ടെത്തിയത്. ഈ കാര്‍ഡുകള്‍ വഴി അനര്‍ഹരുടെ കയ്യില്‍ വേതനം എത്തിയതായും കണ്ടെത്തി.

ദീപിക പദുക്കോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് ഗോത്രവിഭാഗത്തില്‍പ്പെട്ട സോനു ശാന്തിലാല്‍ എന്നയാളുടെ പേരില്‍ നല്‍കിയ തൊഴില്‍ കാര്‍ഡിലാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് സോനു ശാന്തിലാല്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനം ആവശ്യപ്പെട്ടിട്ടില്ലെന്നും ശാന്തിലാല്‍ പറഞ്ഞു. 

ഈ വ്യാജ കാര്‍ഡുകള്‍ വഴി ലക്ഷകണക്കിന് രൂപ തട്ടിയെടുത്തതായാണ് അധികൃതര്‍ പറയുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനേ തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്.  കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് തുക പിന്‍വലിച്ചതായും അധികൃതര്‍  പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലി ചെയ്തിരുന്ന ചില തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാതെ വന്നതിനേ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതി പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ പരിശോധിച്ചതോടയാണ് തട്ടിപ്പ് പുറത്തായത്.

Content Highlights: Fake Job Cards With Actors' Pics Issued Under MGNREGS in MP, Eligible Beneficiaries Deprived of Payments