ബെംഗളൂരു: രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും തടയാന്‍ 500,1000 നോട്ടുകൾ പിന്‍വലിച്ച് പുതിയ നോട്ടുകള്‍ ഇറക്കിയതിന് പിന്നാലെ അതിനും വ്യാജന്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്.

പുതുതായി ഇറങ്ങിയ 2000 രൂപാ നോട്ടുകളുടെ കളര്‍ കോപ്പികള്‍ കര്‍ണാടകയിലെ ചിക്മംഗളൂരുവിലാണ് പ്രചരിക്കുന്നത്. ചിക്മംഗളൂരുവിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയിലാണ് നോട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്.

പുതിയ നോട്ടുകളുമായി ജനങ്ങള്‍ പരിചയപ്പെട്ട് വരുന്നതേ ഉള്ളൂ എന്നതിനാല്‍ ഇത്തരത്തിലുള്ള കോപ്പികള്‍ ഉപയോഗിച്ച് പരമാവധി മുതലെടുക്കാനാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. 

അതേ സമയം ആശങ്കപ്പെടാനില്ലെന്നും വ്യാജ കോപ്പികള്‍ തിരിച്ചറിയാന്‍ എളുപ്പമാണെന്നും അധികൃതര്‍ പറഞ്ഞു. വ്യാജ കറന്‍സി കോപ്പികളുടെ ഉറവിടം സംബന്ധിച്ച് ചിക്ക്മംഗളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.