നോയിഡ: കമ്പ്യൂട്ടറിലെ വൈറസ് പ്രശ്നം പരിഹരിക്കാനെന്ന പേരിൽ കോടികൾ തട്ടിയെടുത്ത 32 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. യു.എസ് പൗരന്മാരെയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഇത്തരത്തിൽ 10 കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായാണ് വിവരം.

പ്രതികൾ യു.എസ് പൗരന്മാരുമായി ഇന്റർനെറ്റ് വഴി ആശയവിനിമയം നടത്തുകയും അവരുടെ കമ്പ്യൂട്ടറിലേക്ക് ബഗ്ഗുകൾ അയക്കുകയുമായിരുന്നു. തുടർന്ന് അവരുടെ കമ്പ്യൂട്ടറിൽ വൈറസുകളുണ്ടെന്ന് പറഞ്ഞ് അവരെ ഭയപ്പെടുത്തുകയും വൈറസ് നീക്കം ചെയ്യാൻ തങ്ങൾക്ക് മാത്രമേ സാധിക്കൂ എന്നും പറഞ്ഞായിരുന്നു പണം തട്ടിയിരുന്നത്. ഇത്തരത്തിൽ ബഗ്ഗുകൾ പരിഹരിക്കാനെന്ന പേരിൽ 74,000-ഓളം രൂപയായിരുന്നു പ്രതികൾ ആവശ്യപ്പെട്ടിരുന്നതെന്ന് ഡി.സി.പി അങ്കുർ അഗർവാൾ പറയുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കോൾ സെന്റർ റെയ്ഡ് ചെയ്യുകയായിരുന്നു. റെയ്ഡ് സമയത്ത് 32 പേർ കോൾ സെന്ററിൽ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നും ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് വിവരം. ഡൽഹി, ഗാസിയാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗുഡ്ഗാവ് എന്നിവിടങ്ങളിലുള്ളവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരുവർഷമായി കോൾ സെന്റർ പ്രവർത്തിച്ചു വരികയാണ്. പ്രത്യേക സാമ്പത്തിക മേഖലയായ ബിസ്രാക്കിലാണ് കോൾ സെന്റർ പ്രവർത്തിച്ചു വന്നിരുന്നതെന്ന് സെൻട്രൽ നോയിഡയിലെ ഡി.സി.പി പറഞ്ഞു.

പ്രതികളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഒരു വർഷത്തോളമായി ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ട്. 4000 യു.എസ്. ഡോളർ വരെ ഇത്തരത്തിൽ പ്രതിദിനം ലാഭം ലഭിക്കുമായിരുന്നു. ജോലി ചെയ്യുന്ന ജീവനക്കാർക്ക് പ്രതിമാസം 20,000 രൂപ വരെയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ 1.25 ലക്ഷം മുതൽ 1.50 ലക്ഷം വരെ മാനേജർക്ക് ലഭിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിന് പിന്നിലുള്ള സൂത്രധാരനുൾപ്പെടെ 20-ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ എത്രയും വേഗത്തിൽ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

പ്രതികൾക്കെതിരെ ബിസ്രാക്ക് പോലീസ് സ്റ്റേഷനിൽ ഐ.പി.സി സെക്ഷൻ 420, 406 എന്നീ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രേഖപ്പെടുത്തി.

50 കമ്പ്യൂട്ടറുകളും തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കോൾ സെന്ററിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

Content Highlights: Fake call centre dupes US citizens of over Rs 10 crore, 32 arrested