പ്രതീകാത്മക ചിത്രം | ഫോട്ടോ: പിടിഐ
ഭോപ്പാല്‍: രണ്ട് ക്വാട്ടര്‍ കുപ്പി മദ്യം കഴിച്ചിട്ടും ലഹരി ലഭിച്ചില്ലെന്നും മദ്യവില്പനശാല വഴി നല്‍കിയത് വ്യാജമദ്യമാണെന്നുമുള്ള പരാതിയുമായി 42-കാരന്‍. വ്യാജമദ്യം നല്‍കിയെന്ന് കാണിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, എക്‌സൈസ് വകുപ്പ്, പോലീസ് എന്നിവര്‍ക്ക് ഇയാള്‍ പരാതി നല്‍കി. മദ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം.
ഉജ്ജൈനിലെ ബഹാദൂര്‍ ഗഞ്ച് സ്വദേശിയായ ലോകേഷ് സോതിയ എന്ന 42-കാരനാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. ഏപ്രില്‍ 12-നാണ് നാല് ക്വാട്ടര്‍ കുപ്പി മദ്യം പ്രദേശത്തെ മദ്യവില്പനശാലയില്‍ നിന്ന് വാങ്ങിച്ചതെന്ന് ബഹാദൂര്‍ പരാതിയില്‍ പറയുന്നു. സുഹൃത്തുമായി ചേര്‍ന്ന് അതില്‍ രണ്ട് കുപ്പി മദ്യം കഴിച്ചുവെന്നും എന്നാല്‍ ഒട്ടും ലഹരി ലഭിച്ചില്ലെന്നും ബഹാദൂര്‍ പറഞ്ഞു. മദ്യത്തിന് പകരം കുപ്പികളില്‍ വെള്ളമായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.
" ഭക്ഷണത്തിലും ഭക്ഷ്യഎണ്ണയിലും മായം കലര്‍ത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ മദ്യത്തിലും അത് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ് 20 വര്‍ഷമായി മദ്യപിക്കുന്ന ആളാണ്. മദ്യത്തിന്റെ രുചിയും ഗുണമേന്മയും തനിക്ക് കൃത്യമായി അറിയാം. പരാതിയുമായി ഞാന്‍ ഉപഭോക്തൃഫോറത്തെ സമീപിക്കും. അവശേഷിച്ച രണ്ട് കുപ്പി തെളിവിനായി സൂക്ഷിച്ചിരിക്കുകയാണ്" - ലോകേഷ് പറഞ്ഞു.
പരാതിയുമായി ആദ്യം മദ്യവില്പനശാലയെയാണ് സമീപിച്ചതെന്നും ലോകേഷ് പറഞ്ഞു. എന്നാല്‍ പരാതി കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന അവര്‍ ചെയ്യാന്‍ പറ്റുന്നത് ചെയ്‌തോളാന്‍ വെല്ലുവിളിച്ചു. മായം ചേര്‍ത്ത മദ്യം നല്‍കിയെന്ന് കാണിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കും ഉജ്ജൈൻ എക്‌സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായും ലോകേഷ് പറഞ്ഞു. ഉപഭോക്തൃഫോറത്തില്‍ വഞ്ചനാകേസ് ഫയല്‍ ചെയ്യുമെന്ന് ലോകേഷിന്റെ അഭിഭാഷകനും പറഞ്ഞു.
എന്നാല്‍, സംഭവത്തില്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥനായ റാംഹാന്‍സ് പചോരി ഇന്ത്യാടുഡേയോട് പറഞ്ഞു. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Failing to get 'kick', MP man complains of liquor adulteration


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..