ന്യൂഡല്‍ഹി: ശിവസേനയുടെ സ്ഥാപകന്‍ ബാല്‍ താക്കറെയെ പ്രശംസിച്ച് ബിജെപി നേതാവും മഹാരാഷ്ട്ര കാവല്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് ജനങ്ങളെ പഠിപ്പിച്ചത് ബാല്‍ താക്കറെ ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബിജെപിയും ശിവസേനയും തമ്മില്‍ അകലുകയും സഖ്യം പിരിയുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
ബാല്‍ താക്കറെയുടെ ഏഴാമത് ചരമവാര്‍ഷിക ദിനത്തില്‍ ഫഡ്നാവിസ് നടത്തിയ ട്വീറ്റിലാണ് അദ്ദേഹത്തെ പ്രശംസിച്ചത്. താക്കറെയുടെ ഒരു പഴയ പ്രസംഗ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഫഡ്നാവിസ് താക്കറെയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചതായും ഫഡ്നാവിസ് ട്വീറ്റില്‍ പറയുന്നു.
ബാല്‍ താക്കറെയുടെ സമാധിസ്ഥലമായ ബുംബൈയിലെ ശിവാജി പാര്‍ക്കിലെത്തി അദ്ദേഹം ബാല്‍ താക്കറെയ്ക്ക് പ്രണാമമര്‍പ്പിക്കുകയും ചെയ്തു.
स्वाभिमान जपण्याचा मूलमंत्र आदरणीय बाळासाहेबांनी आपल्या सर्वांना दिला ! pic.twitter.com/sPdALKDlzS
— Devendra Fadnavis (@Dev_Fadnavis) November 17, 2019
അതേസമയം, ശിവസേനയില്‍നിന്നുതന്നെ ഇത്തവണ മുഖ്യമന്ത്രി ഉണ്ടാവുമെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയില്‍നിന്ന് മുഖ്യമന്ത്രി ഉണ്ടാവുമെന്ന് ബാല്‍ താക്കറെയ്ക്ക് ഉദ്ധവ് താക്കറെ നല്‍കിയ വാക്ക് പാലിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ബാല്‍ താക്കറെയുടെ സമാധിയില്‍ പ്രണാമമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്‍സിപി നേതാവ് ഛാഗന്‍ ഭുജ്ബാലും സമാധിസ്ഥലത്തെത്തി ബാല്‍ താക്കറെയ്ക്ക് പ്രണാമമര്‍പ്പിച്ചു. ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ മകന്‍ ആദിത്യയും സമാധിയിലെത്തി ബാല്‍ താക്കറെയ്ക്ക് പ്രണാമമര്‍പ്പിച്ചു.
Content Highlights: Fadnavis says ‘Bal Thackeray taught us self-respect’, Maharashatra, BJP, Shiv Sena