ന്യൂഡല്‍ഹി: ചട്ടലംഘനത്തെ തുടര്‍ന്ന് മേയ് 15 മുതല്‍ ജൂണ്‍ 15 വരെയുള്ള ഒരു മാസക്കാലയളവില്‍ മൂന്ന് കോടിയിലധികം പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഫേസ്ബുക്ക്. ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പത്തോളം വിഭാഗങ്ങളില്‍ പെടുന്ന ലംഘനങ്ങള്‍ക്കെതിരെയാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഒമ്പതോളം ചട്ടലംഘനവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റഗ്രാം ഇരുപത് ലക്ഷം പോസ്റ്റുകള്‍ക്കെതിരെ ഇതേ കാലയളവില്‍ നടപടിയെടുത്തിട്ടുണ്ട്. 

അമ്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പോസ്റ്റുകളെ സംബന്ധിച്ച് ലഭിച്ച പരാതികളും അതിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളെ കുറിച്ചുമുള്ള പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പുതുക്കിയ ഐടി ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. ഓട്ടോമേറ്റഡ് ടൂള്‍സ് ഉപയോഗിച്ച് നീക്കം ചെയ്ത പോസ്റ്റുകളിലെ പ്രകോപനപരമായ ഭാഗങ്ങളെ കുറിച്ചുള്ള പ്രത്യേക സൂചനകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.  

റിപ്പോര്‍ട്ടുകളും വിദഗ്ധസംഘത്തിന്റെ വിശകലനങ്ങളും ഒപ്പം നിര്‍മിത ബുദ്ധിയും സംയുക്തമായി ഉപയോഗപ്പെടുത്തിയാണ് ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരെയുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതെന്നും ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും സ്വതന്ത്രമായി അഭിപ്രായപ്രകടനം സാധ്യമാക്കുന്നതുമായ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനുമാണ് വര്‍ഷങ്ങളായുള്ള സേവനത്തിലൂടെ ഫേസ്ബുക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു. 

അടുത്ത റിപ്പോര്‍ട്ട് ജൂലായ് 15 നാണ് ഫെയ്‌സ്ബുക്ക് പ്രസിദ്ധപ്പെടുത്തുക. 30-45 ദിവസത്തെ ഇടവേളയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും വരുംകാല റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണെന്നും ഫേസ്ബുക്ക് വക്താവ് കൂട്ടിച്ചേര്‍ത്തു. ജൂലായ് 15 ന് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ ഫേസ്ബുക്ക് കുടുംബത്തിലെ അംഗമായ വാട്‌സ്ആപ്പ് സംബന്ധിച്ച വിവരവും ഉണ്ടാകും. ഗൂഗിള്‍, കൂ തുടങ്ങിയ പ്രമുഖ സാമൂഹികമാധ്യമപ്ലാറ്റ്‌ഫോമുകളും റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടു. 

നടപടിയെടുത്ത ഉള്ളടക്കങ്ങളില്‍ പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, കമന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രകോപനപരമായതോ ഉപദ്രവകരമായതോ ആയ ഭാഗം നീക്കം ചെയ്യുന്നതോ ചില ഉപയോക്താക്കള്‍ക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ വീഡിയോകളോ ഫോട്ടോകളോ മറയ്ക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതും നടപടികളില്‍ പെടും. ഉപയോക്താക്കളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലല്ലാതെ പ്ലാറ്റ്‌ഫോം നേരിട്ട് നടപടിയെടുക്കുന്ന ഉള്ളടക്കങ്ങളും ഇതില്‍ പെടും. പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരെ നിയമിക്കാനും പുതുക്കിയ ഐടി ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. 

Facebook Takes Down Over 30 Million Posts In Compliance With New IT Rules