reshma
രേഷ്മയും മകനും ഭര്‍ത്താവ് ശരതും

'മുപ്പത്തിമൂന്നാമത്തെ വയസിലാണ് എന്റെ ജീവിതം ആരംഭിച്ചത്, അന്ന് ആ മഴയുള്ള സായാഹ്നത്തില്‍ ഹൈദരാബാദിലെ ബാരിസ്റ്റ കഫേയില്‍ വെച്ച് ശരത്തിനെ ആദ്യമായി നേരിട്ട് കണ്ടതിന് ശേഷം. മാട്രിമോണിയല്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോയിലുള്ളതിനേക്കാള്‍ സുന്ദരനായിരുന്നു ശരത്തിനെ നേരിട്ടു കാണാന്‍. എന്റെ നേര്‍ക്ക് തിരിഞ്ഞ ശരത്തിന്റെ മിഴികളില്‍ അവിശ്വസനീയത നിറഞ്ഞിരുന്നു. ആ കണ്ണുകളിലേക്ക് നോക്കിയ നിമിഷം ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി എനിക്ക്. ദുഷ്‌കരവും ദീര്‍ഘവുമായ യാത്രക്കൊടുവില്‍ ഒരു കപ്പല്‍ തീരത്തണയുന്ന പോലെ എന്റെ ഹൃദയത്തില്‍ ആഹ്‌ളാദത്തിന്റെ തിരകള്‍ ആര്‍ത്തലച്ചു. ആ ദിവസം മുതല്‍ ശരത് എന്റെ അഭയകേന്ദ്രമായി. ഞാന്‍ എവിടെയെന്നോ എന്തു ചെയ്യുന്നുവെന്നോ ഉള്ളത് ഒരു വിഷയമായിരുന്നില്ല, ഏറെ സുരക്ഷയും സന്തോഷവും സമാധാനവും എനിക്ക് കിട്ടി'. 

ഭര്‍ത്താവിന്റെ മരണശേഷം രേഷ്മ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റ് തുടങ്ങുന്നതിങ്ങനെ. ആ സുരക്ഷയും സന്തോഷവും സമാധാനവും നഷ്ടപ്പെട്ടുവെന്ന് തീര്‍ച്ചപ്പെടുത്തിയ ഏതോ നിമിഷത്തിലാവണം മകനോടൊപ്പം ജീവനൊടുക്കാന്‍ രേഷ്മ ഉറപ്പിച്ചുണ്ടാവുക. തന്നോടും മകനോടുമുള്ള ഭര്‍ത്താവ് ശരത്തിന്റെ സ്‌നേഹവും രേഷ്മയ്ക്ക് അദ്ദേഹത്തോടുള്ള പ്രണയവും കുറിപ്പിലെ വരികളില്‍ നമുക്ക് വായിച്ചെടുക്കാം. ഭര്‍ത്താവിന്റെ മരണശേഷം ഏറെ ദുഃഖിതയായിരുന്നു രേഷ്മയെന്ന് പോസ്റ്റിലൂടെ നമുക്ക് മനസിലാക്കാനാവും. കോവിഡുമായി ബന്ധപ്പെട്ടുള്ള മരണവാര്‍ത്തകളില്‍ ഇതും വിസ്മരിക്കപ്പെട്ടാലും ഈ പോസ്റ്റിലൂടെ കടന്നു പോകുമ്പോള്‍ പ്രണയത്തിന്റെ,വിരഹത്തിന്റെ, ദുഃഖത്തിന്റെ ഇടനാഴികളിലൂടെ നാം കടന്നു പോകുമെന്ന് തീര്‍ച്ച.

കുറിപ്പ് തുടരുന്നു...

'ലക്ഷത്തിലൊരുവനായിരുന്നു ശരത്, വിനയാന്വിതനും അതീവ ബുദ്ധിമാനുമായിരുന്നു അദ്ദേഹം. ഒപ്പമുള്ളവര്‍ക്ക് തമാശകളുടെ നിമിഷങ്ങള്‍ ശരത് എപ്പോഴും നല്‍കി, പറയുന്നതിനേക്കാള്‍ പ്രവര്‍ത്തിക്കുന്നതിനായിരുന്നു ശരത്തിന്റെ മുന്‍ഗണന. ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കെതിരായിക്കോട്ടെ, ശരത് നിങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ടതില്ല. വിഡ്ഢിത്തരങ്ങളും കാപട്യവും ഒരിക്കലും അദ്ദേഹത്തിന് പൊറുക്കാനാവുമായിരുന്നില്ല. ശരതിനൊപ്പമാണെങ്കില്‍ നിങ്ങള്‍ കാണുന്നത് നിങ്ങള്‍ക്ക് സ്വന്തമാണ്. പുറമേ പരുക്കനാണെന്ന് തോന്നിപ്പിച്ചിരുന്നെങ്കിലും കുടുംബത്തിനുള്ളില്‍ അദ്ദേഹമൊരു ലോലഹൃദയനായിരുന്നു. 

ശരത്തിന്റെ വിശ്വസ്തത, എന്റെ എല്ലാ വശങ്ങളേയും മനസിലാക്കാനും  ഇഷ്ടപ്പെടാനും കാണിച്ച വലിയ മനസ്-എല്ലാം എന്നെ പുതിയൊരു വ്യക്തിയാക്കി മാറ്റാന്‍ സഹായിച്ചു. കഠിനാധ്വാനവും ഏത് സാഹചര്യത്തേയും നേരിടാനുള്ള മനസ്സാന്നിധ്യവും ശരതിനെ വ്യത്യസ്തനാക്കി. വായന, സിനിമ, സ്‌പോര്‍ട്‌സ്, ദീര്‍ഘദൂര ഡ്രൈവുകള്‍, യാത്ര എല്ലാം ശരത്തിനിഷ്ടമായിരുന്നു. സംഗീതമായിരുന്നു ഞങ്ങളുടെ ജീവിതത്തിന്റെ പ്രധാനഭാഗം. നൃത്തം ചെയ്യാനറിയില്ലെങ്കിലും അത് ചെയ്യുന്നതായി അഭിനയിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ചുവടുകള്‍ എന്നെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. രുചിയേറിയ ഉപ്പുമാവും കേഡ്‌റൈസും രാജ്മയും ഉണ്ടാക്കി തന്ന് എന്നെ സന്തോഷിപ്പിച്ചിരുന്നു. 

പ്രായമായ അമ്മയേയും അച്ഛനേയും ശുശ്രൂഷിക്കുന്നതില്‍ ശരത് ശ്രദ്ധ ചെലുത്തിയിരുന്നു. അവരിരുവരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നപ്പോള്‍ ഐസിയുവിന് പുറത്ത് ഉറക്കമൊഴിഞ്ഞ് ശരത് കാവലിരുന്നു. പിന്നീട് മൂന്നാഴ്ചയോളം ഐസിയുവില്‍ കോവിഡ് ബാധിതനായി കിടമ്പോഴും രോഗത്തോട് മല്ലടിച്ചു. പക്ഷെ വൈറസ് ഞങ്ങളെ തോല്‍പിച്ചു. പത്ത് വര്‍ഷം അദ്ദേഹത്തിന്റെ പ്രണയവും പരിചരണവും ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. 

ഞാനതില്‍ ചാരിതാര്‍ഥ്യയാണ്. ശരത്തിന് എന്നോടും മകനോടുമുണ്ടായിരുന്ന അമിതസ്‌നേഹം ചിലപ്പോള്‍ ദേവന്മാരില്‍ പോലും അസൂയ ജനിപ്പിച്ചിട്ടുണ്ടായും. ഒരവസം കൂടി ലഭിച്ചാല്‍ ഞാനൊരിക്കലും അദ്ദേഹത്തെ വിട്ടു കൊടുക്കില്ല. ശരത് പോയതോടെ എന്റെ അവയങ്ങളെല്ലാം ചലനമറ്റു പോകുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്. കുറച്ചു നിമിഷമെങ്കിലും ശരതിനൊപ്പം കഴിയാന്‍ ലഭിക്കുന്ന ഏത് മാര്‍ഗവും ഞാന്‍ സ്വീകരിക്കും. എല്ലാം കണ്ടു കൊണ്ട് മുകളിലൊരാളുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ പുരാണകഥകളിലൊന്നും എനിക്ക് വിശ്വാസമില്ല, എങ്കിലും മരണാനന്തരജീവിതത്തില്‍ എവിടെയെങ്കിലും വെച്ച് ശരത്തിനെ കണ്ടുമുട്ടുമെന്നാണ് എന്റെ പ്രതീക്ഷ, വിശ്വാസവും...!'

 

Content Highlights: Facebook post of Reshma Malayali woman who falls off  building with son  in Mumbai