ന്യൂഡല്‍ഹി: വ്യത്യസ്ത നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കരുതെന്ന് ടെലികോം അതോറിറ്റി ഉത്തരവിറക്കിയതിനു പിന്നാലെ ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ ട്വിറ്ററിലിട്ട സന്ദേശം വിവാദമാകുന്നു. ഇന്ത്യക്കാര്‍ കോളനിവല്‍ക്കരണത്തെ സ്വീകരിക്കണമെന്ന സന്ദേശം അദ്ദേഹം ഉടന്‍ മായ്ചുകളഞ്ഞെങ്കിലും അതിന്റെ പകര്‍പ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്.

കോളനിവിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് ഭീഷണിയാണ്. എന്തുകൊണ്ട് ഇപ്പോള്‍ അത് നിര്‍ത്തിക്കൂടാ? എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ ലോകവ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്ന ഫ്രീബെയ്‌സിക് എന്ന സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്ന് ട്രായിയുടെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതികരണമായിരുന്നു അത്. 
anti indian commentപ്രശ്‌നം വിവാദമാകുന്നുവെന്ന് കണ്ടതോടെ ആന്‍ഡേഴ്‌സണ്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായും ട്വിറ്ററില്‍ കുറിച്ചു. 

നെറ്റിലെ സമത്വത്തിനു വേണ്ടി വാദിക്കുന്ന ബഹുഭൂരിപക്ഷം പേരെയും സന്തോഷിപ്പിക്കുന്ന ഉത്തരവായിരുന്നു ട്രായിയുടേത്. ഉത്തരവ് വന്നതിന് പിന്നാലെ അത് നിരാശാജനകമാണെന്നും, ഇന്ത്യയില്‍ ഇതേ ലക്ഷ്യത്തോടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും സക്കര്‍ബര്‍ഗ് പ്രതികരിച്ചിരുന്നു.