ന്യൂഡല്‍ഹി: ആസ്ട്രസെനെക്ക, ഫൈസര്‍ വാക്‌സിനുകള്‍ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് പ്രചരിപ്പിച്ച 300-ലധികം അക്കൗണ്ടുകള്‍ ഫ‌െയ്സ്ബുക്ക് നിരോധിച്ചു. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകള്‍ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍, ആസ്ട്രസെനെക്ക കോവിഡ് വാക്‌സിന്‍ ആളുകളെ ചിമ്പാന്‍സികളാക്കി മാറ്റുമെന്നുള്ള മീമുകളും കമന്റുകളും പോസ്റ്റ് ചെയ്ത ഈ അക്കൗണ്ടുകള്‍ തുടര്‍ന്ന് നിഷ്‌ക്രിയമായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം, 2021 മെയ് മാസത്തില്‍ ഇവ വീണ്ടും സജീവമായി. ആസ്ട്രസെനെക്കയുടെ ഹാക്ക് ചെയ്യപ്പെട്ടതും ചോര്‍ന്നതുമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഫൈസര്‍ വാക്‌സിന്‍ സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു പോസ്റ്റുകള്‍. 

ചിമ്പാന്‍സികളുടെ ജീനുകളെ അടിസ്ഥാനമാക്കിയാണ് ആസ്ട്രസെനെക്ക വാക്‌സിന്‍ ഉണ്ടാക്കിയതെന്നും പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങള്‍ കാണിച്ച ഈ വാക്‌സിന്‍ നിരോധിക്കണമെന്നും അല്ലാത്തപക്ഷം നമ്മള്‍ എല്ലാവരും ചിമ്പാന്‍സികളാകുമെന്നായിരുന്നു പ്രചാരണം. 'സ്റ്റോപ് ആസ്ട്രസെനെക്ക', 'ആസ്ട്രസെനെക്ക കില്‍സ്' തുടങ്ങിയ ഹാഷ്ടാഗ് അടക്കം ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിലും പ്രത്യക്ഷപ്പെട്ടു. ഡിസംബര്‍ 14 നും 21 നും ഇടയില്‍ ഈ ഹാഷ്ടാഗുകള്‍ ഉള്‍പ്പെടുന്ന ഏകദേശം 10,000 പോസ്റ്റുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.

തങ്ങളുടെ നയം ലംഘിച്ചതിന് 65 ഫെയ്സ്ബുക്ക് അക്കൗണ്ടുകളും 243 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തുവെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. ഈ നെറ്റ്‌വര്‍ക്ക് ഒരു ഡസനിലധികം പ്ലാറ്റ്ഫോമുകളിലും ഫോറങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ പ്രചാരണങ്ങള്‍ പരസ്യ -വിപണന സ്ഥാപനമായ ഫാസുമായി (Fazze ) ബന്ധപ്പെട്ടിരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഫാസിനെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിരോധിച്ചുവെന്നും ഫെയ്‌സ്ബുക്ക് കൂട്ടിച്ചേര്‍ത്തു. 

Content Highlights: Facebook bans over 300 accounts that claimed Covid-19 vaccines would turn humans into chimpanzees