മുംബൈ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്നതിനിടെ മുംബൈയില്‍ 15 കോടിയോളം രൂപ വിലമതിക്കുന്ന മാസ്‌ക്കുകളുടെ വലിയ ശേഖരം മുംബൈ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. വിപണിയില്‍ മാസ്‌ക് ലഭ്യത കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പൂഴ്ത്തിവെച്ച 25.22 ലക്ഷം യൂണിറ്റ് മാസ്‌ക്കുകളാണ് പിടിച്ചെടുത്തത്. 

3.25 ലക്ഷം യുണിറ്റ് മാസ്‌ക്കുകള്‍ മുംബൈ വിമാനത്തവളത്തിന് പുറത്തുള്ള എയര്‍ കാര്‍ഗോയ്ക്ക് സമീപത്തുനിന്നും 22 ലക്ഷത്തോളം മാസ്‌ക്കുകള്‍ ബിവാന്‍ഡിയിലുള്ള ഒരു ഗോഡൗണില്‍നിന്നുമാണ് പിടിച്ചെടുത്തത്. 

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലാജി മുത്തുപാണ്ടി നാടാര്‍, ഷാരൂഖ് അഖില്‍ ഷെയ്ക്ക്, മിഹിര്‍ ദര്‍ശന്‍ പട്ടേല്‍, ഗുലാം മുര്‍തുസ മുന്‍ഷിര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. 

വിപണിയില്‍ രണ്ട് രൂപ വില വരുന്ന മാസ്‌ക് 20 രൂപയ്ക്കും 100 രൂപയ്ക്ക് ലഭിക്കുന്ന എന്‍95 മാസ്‌ക് 300 രൂപയ്ക്കുമാണ് സംഘം വിറ്റഴിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ഇവ കയറ്റുമതി ചെയ്യാനും സംഘം ശ്രമിച്ചിരുന്നു.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌ക് എന്നിവ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നു. ഉയര്‍ന്ന വിലയില്‍ ഇവയുടെ വില്‍പനയും കര്‍ശനമായി വിലക്കിയിരുന്നു.

content highlights; Face masks worth around Rs 15 crores seized by Mumbai crime branch