വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ | Photo: ANI
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രമേഖലയില്‍ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കു തടയിടുന്നതിനായി മ്യാന്‍മറുമായി നാവിക ബന്ധം ദൃഢമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി മ്യാന്‍മറിന് ഇന്ത്യ മുങ്ങിക്കപ്പല്‍ കൈമാറും. ഇന്ത്യയുടെ ഐഎന്‍എസ് സിന്ധുവീര്‍ എന്ന കപ്പലാണ് മ്യാൻമാറിന് നൽകുന്നത്.
മ്യാന്‍മാര്‍ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലാകും ഐഎന്‍എസ് സിന്ധുവീര്‍ എന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഐഎന്‍എസ് സിന്ധുവീര്‍ കൈമാറുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ഇതിനൊപ്പം പ്രതിരോധം, വ്യാപാരം, വികസന പദ്ധതികള്‍, ഊര്‍ജം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും ഇതിനോടകം തന്നെ സഹകരണം ശക്തമാക്കിയിട്ടുണ്ട്.
മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിയുമായി കരസേനാമേധാവി എം.എം. നരവനെ, വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ള, ഇന്ത്യന്‍ സ്ഥാനപതി സൗരഭ് കുമാര്‍ എന്നിവര്‍ തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുങ്ങിക്കപ്പല്‍ കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചത്. പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ധാരണ ആയിരുന്നു. തോക്കുകള്‍, ടാങ്കുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ തുടങ്ങിയവ മ്യാന്‍മാര്‍ സൈന്യത്തിന് നല്‍കും.
ഇന്ത്യന്‍ സമുദ്രമേഖലയിലെ ചൈനയുടെ ഇടപെടല്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെ തടയാനായാണ് ഇത്തരമൊരു നീക്കം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..