ലഖ്നൗ: 2022-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ രാഷ്ട്രീയരംഗം ചൂടുപിടിക്കുകയാണ്. യുപിയിലെ പ്രബല വിഭാഗമായ ബ്രാഹ്മണ സമുദായത്തെ പ്രീണിപ്പിക്കാന്‍ മത്സരിക്കുകയാണിപ്പോള്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍. ഈ സമുദായക്കാരനായ ഗുണ്ടാസംഘ തലവന്‍ വികാസ് ദുബെ യുപി പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. 

കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ് ബ്രാഹ്മണരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അതിക്രമങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനായി ഒരു ഫോറം രൂപീകരിച്ചതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടിയും സമുദായ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയിലാണ്. വിഷ്ണുവിന്റെ ആറാം അവതാരമായി കണക്കാക്കപ്പെടുന്ന പരശുരാമന്റെ പ്രതിമ നിര്‍മിക്കുന്നതിനുള്ള ചുമതല പാര്‍ട്ടിയിലെ ബ്രാഹ്മണ നേതാവായ അഭിഷേക് മിശ്രയ്ക്ക് നല്‍കിയിരക്കുകയാണിപ്പോള്‍ സമാജ് വാദി പാര്‍ട്ടി. അഖിലേഷ് യാദവ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായിരുന്നു അഭിഷേക് മിശ്ര.

ബ്രാഹ്മണര്‍ ആരാധിക്കുന്ന പരശുരാമന്റെ ഏറ്റവും ഉയരുമുള്ള പ്രതിമ സ്ഥാപിക്കുകയാണ് എസ്പിയുടെ ലക്ഷ്യമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഇതിനായി രാജ്യത്തെ ചില പ്രതിമ നിര്‍മാതാക്കളുമായി പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തി വരികയാണ്. 108 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ഈ പ്രതിമ ലഖ്നൗവിലെ ജനേശ്വര്‍ മിശ്ര പാര്‍ക്കില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

സംഭാവനകളിലൂടെ പ്രതിമക്ക് ധനസമാഹാരണം നടത്താനാണ് പദ്ധതി. ഭരണകക്ഷിയായ ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കാണ് ബ്രാഹ്മണ സമുദായം. ഇതില്‍ വിള്ളല്‍ വീഴ്ത്താനുള്ള കഠിന ശ്രമത്തിലാണിപ്പോള്‍ എസ്പി.

'രാജ്യത്തെ ഏറ്റവും വലിയ പാര്‍ക്കായ ജനേശ്വര്‍ മിശ്ര പാര്‍ക്ക് സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ്. ജനേശ്വര്‍ മിശ്രയുടെ പ്രതിമയും അവിടെ സ്ഥാപിച്ചു. ഇപ്പോള്‍ ഞങ്ങള്‍ പരശുരാമന്റെ പ്രതിമയും സ്ഥാപിക്കുകയാണ്. പരശുരാമന്റെ മാതാവ് ക്ഷത്രിയയായിരുന്നു, ഞങ്ങള്‍ ബ്രാഹ്മണ, ക്ഷത്രിയ സമൂഹത്തെ ബഹുമാനിക്കുന്നു' -സമാജ് വാദി പാര്‍ട്ടി വാക്താവ് അനുരാഗ് ബഹദുരിയ പറഞ്ഞു.

മുസ്ലിം, യാദവ വോട്ടുകളായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ എക്കാലത്തേയും ആശ്രയം. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മറ്റുവഴികളും തേടേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് എസ്.പി. ദുബെ കൊല്ലപ്പെട്ടതിന് പിന്നാലെ ബ്രാഹ്മണ്‍ വോട്ട് ബാങ്ക് രാഷ്ട്രീയം സംസ്ഥാനത്ത് ചൂടുപിടിച്ചു. ഇവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്.

സമാജ് വാദി പാര്‍ട്ടിയുടെ പ്രതിമ നിര്‍മാണത്തോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത് ഇങ്ങനെയാണ്. ' ലഖ്നൗവില്‍ പരശുരാമന്റെ പ്രതിമ നിര്‍മിക്കുന്നതിനോട് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ എസ്പിയുടെ ഉദ്ദേശ്യത്തോട് ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്' -അദ്ദേഹം പറഞ്ഞു.'.

Content Highlights:  Eye on Brahmin Votes, Samajwadi Party Planning 108-foot Statue of Lord Parashuram