ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തില്‍ പിണറായിയെ ആയുധമാക്കി പ്രധാനമന്ത്രിയുടെ പ്രതിരോധം. പൗരത്വ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി പറഞ്ഞിട്ടുണ്ടെന്ന് മോദി രാജ്യസഭയില്‍ പറഞ്ഞു. പ്രതിഷേധങ്ങളുടെ പേരില്‍ ഇവര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും പിണറായിയെ പരാമര്‍ശിച്ച് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

"കോണ്‍ഗ്രസ്സിന്റെ നിസ്സഹായത മനസ്സിലാക്കുന്നു. എന്നാല്‍ പ്രക്ഷോഭത്തിനു പിന്നില്‍ തീവ്രസ്വഭാവമുള്ളവര്‍ ഉണ്ടെന്ന് കേരളത്തിലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തില്‍ തീവ്രസ്വഭാവമുള്ളവരുടെ അരാജകത്വം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ രീതിയില്‍ സ്വന്തം സംസ്ഥാനത്ത് ഇത്തരക്കാരില്‍ നിന്ന് അരാജകത്വം നേരിടുമ്പോള്‍ ആ അരാജകത്വം ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും എങ്ങനെയാണ് അനുവദിക്കാന്‍ കഴിയുക" - പ്രധാനമന്ത്രി ചോദിച്ചു.

ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ കൊണ്ടുവന്നവര്‍ തന്നെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. 2010ലാണ് എന്‍പിആര്‍ വന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 2014ല്‍ ആണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

content highlights: Extreme group behind protests says modi referring Pinarayi Vijayan