ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പിഎന്‍ബി (പഞ്ചാബ് നാഷണല്‍ ബാങ്ക്) തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി. യു.കെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണിത്. ഇന്ത്യയില്‍ നീതിപൂര്‍ണമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നീരവ് അപ്പീല്‍ നല്‍കിയത്.

നീരവ് കടുത്ത വിഷാദത്തിലൊണന്നും ഇന്ത്യയ്ക്ക് കൈമാറുന്നത് അയാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും അഭിഭാഷകന്‍ എഡ്വേര്‍ഡ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അവകാശപ്പെട്ടു. ആത്മഹത്യാ പ്രവണത വഷളാകും.  മുംബൈയിലെ കോവിഡ് രോഗികളുള്ള ജയിലില്‍ എത്തിക്കുന്നത് നല്ലതല്ല. ജയിലില്‍ എങ്ങനെയുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിച്ചമര്‍ത്തലാവുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച്  കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് നീരവിന് എതിരെയുള്ള കേസ്. 2019 മാര്‍ച്ചില്‍ അറസ്റ്റിലായതിനുശേഷം 50 കാരനായ നീരവിന് നിരവധി തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറിയാല്‍ അന്യായ വിചാരണ നേരിടേണ്ടിവരുമെന്ന നീരവ് മോദിയുടെ വാദം ഈ വര്‍ഷം ആദ്യം ലണ്ടന്‍ കോടതിയിലെ ജഡ്ജി തള്ളിക്കളഞ്ഞിരുന്നു. നിലവിലെ അപ്പീല്‍ ശ്രമം പരാജയപ്പെട്ടാലും, നീരവ് മോദിക്ക് യു.കെയില്‍ തുടരാന്‍ നിയമപരമായ സാധ്യതകള്‍ ഉണ്ട്.

Content Highlights: Extradition to India Would affect my mental health says Nirav Modi