മുംബൈ: ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കേസില്‍ നടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാക്വിലിനെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത്. 

ഒരു ഷോയ്ക്കായി ദുബായിലേക്ക് പോകാനാണ് ജാക്വിലിന്‍ വിമാനത്താവളത്തിലെത്തിയത്. നടിയെ ചോദ്യം ചെയ്യലിന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്ന് ഇ.ഡി. വൃത്തങ്ങള്‍ അറിയിച്ചു. 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുകേഷ് ചന്ദ്രശേഖറിനും കൂട്ടാളികള്‍ക്കുമെതിരെ ഇ.ഡി. ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിഹാര്‍ ജയിലില്‍ കഴിയവേ ഒരു ബിസിനസുകാരന്റെ ഭാര്യയുടെ പക്കല്‍നിന്ന് 200 കോടിരൂപ തട്ടിയെടുത്തു എന്നാണ് കേസ്. 

സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. 52 ലക്ഷം രൂപ വിലയുള്ള കുതിര, ഒന്‍പതു ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങള്‍ സുകേഷ് ജാക്വിലിന് നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നതായി ഉന്നതവൃത്തങ്ങള ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. 

ജാക്വിലിനെ കൂടാതെ നടി നോറ ഫത്തേഹിയുടെ പേരും ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 

content highlights: extortion case: actor jacqueline stopped from leaving india