ന്യൂഡല്‍ഹി: കൊറോണ  വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ. റെഡ് സോണുകളിലെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണം. ഗ്രീന്‍ സോണുകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാം.

വൈറസ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ മെയ് 30 നു ശേഷവും ലോക്ക്ഡൗണ്‍  നടപ്പാക്കണമെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അതാവ്‌ലെ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൃത്യസമയത്ത് തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ മരിച്ചുവീഴുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താതിരുന്ന അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് മുമ്പ് കൃത്യമായ മുന്നൊരുക്കം നടത്തിയില്ലെന്ന സോണിയാ ഗാന്ധിയുടെ വിമര്‍ശം അടിസ്ഥാന രഹിതമാണ്. കൊറോണ നേരിടാന്‍ നാമെല്ലാം ഒന്നിച്ചു നല്‍ക്കേണ്ട സമയത്ത് സോണണിയയും രാഹുല്‍ഗാന്ധിയും സര്‍ക്കാരിനെ വിമര്‍ശിച്ചത് ശരിയായില്ല.

ജനങ്ങള്‍ ലോക്ക്ഡൗണ്‍ ലംഘിക്കുന്നതുകൊണ്ടാണ്‌ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്തകളിടക്കം ജനങ്ങള്‍ തിക്കും തിരക്കും ഉണ്ടാക്കുന്നു.

മഹാരാഷ്ട്രയിലെ കൊറോണ വൈറസ് വ്യാപനം നേരിടുന്നതില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ലോക്കല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകും. സ്വന്തം നാട്ടിലേക്ക്  കാല്‍നടയായി പോകാനുള്ള കുടിയേറ്റ  തൊഴിലാളികുടെ തീരുമാനം തെറ്റാണ്. ഭക്ഷണം ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ അവര്‍  അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Coontent Highlights: Extend lockdown up to May 30: Athawale