Photo: Twitter|@ANINewsUP
ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരൻ മുഹമ്മദ് മുസ്താകീമെന്ന അബു യൂസഫ് ഖാന്റെ വീട്ടില്‍ ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ സ്‌ഫോടകവസ്തുക്കളും ചാവേർ സ്ഫോടനത്തിനുപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റും കണ്ടെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് ഐഎസ് പതാകയും തീവ്രവാദഗ്രൂപ്പുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബലരാംപുര്‍ സ്വദേശിയായ അബു യൂസഫ് വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. 15 കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഐഇഡി(improvised explosive device)കളാക്കി മാറ്റിയ രണ്ടു പ്രഷര്‍ കുക്കറുകള്‍,ഒരു കൈത്തോക്ക് എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
അറസ്റ്റിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം ബല്‍റാംപൂരിലേക്ക് തിരിച്ചു. ഗ്രാമവാസികളെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിനായി വിധേയരാക്കി. ഗ്രാമത്തിലെ ശ്മശാനത്തില്‍ ഐഇഡികള്‍ ഉപയോഗിച്ച് ഇയാള്‍ പരീക്ഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ തിരച്ചില്‍ നടത്താനായി എന്‍എസ്ജി കമാന്‍ഡോകളെയും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. പോലീസ് കണ്ടെടുത്ത ഐഇഡിയില്‍ സ്‌ഫോടനം നടത്താന്‍ പൂര്‍ണസജ്ജമായിരുന്നുവെന്നും ടൈമര്‍ സജീവമാക്കേണ്ട ആവശ്യകത മാത്രമേ ഉണ്ടായിരുന്നുളളൂവെന്നുമാണ് വിവരം. ഇവ പിന്നീട് നിര്‍വീര്യമാക്കി.
തനിച്ചുളള ആക്രമണം നടത്തുന്നതിന് മുമ്പായി ഇയാള്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി പോലീസ് പറയുന്നു. ഇയാള്‍ സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്നാല്‍ ശക്തമായ സുരക്ഷയെ തുടര്‍ന്ന് ഉദ്യമത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഡല്‍ഹി ഡിസിപി പി.എസ്.കുഷ്വാഹയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'സ്രോതസ്സുകളില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ക്ക് ഐഎസ് ബന്ധമുളളതായും ഐഎസ് കമാന്‍ഡര്‍മാരുമായി നേരിട്ട് ബന്ധമുളളതായും കണ്ടെത്തി.' ഡിസിപി പറയുന്നു.
അബു യൂസഫ് തനിച്ചാണോ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്, രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ പങ്കാളികളാരെങ്കിലുമുണ്ടോ എന്നതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജാഗ്രതാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബെംഗളുരുവില്‍ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തതിന് പിറകേയാണ് ഡല്‍ഹിയില്‍ വെച്ച് അബു യൂസഫ് അറസ്റ്റിലാകുന്നത്.
Content Highlights:Explosives, Suicide vest, ISIS flag recovered from Mustakeem's house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..