അമൃത്‌സര്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാകിസ്താന്‍ ഭീകരസംഘടനകള്‍ ഒരു വലിയ അട്ടിമറി ആസൂത്രണം ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് അമൃത്‌സറിലെ ദലേക ഗ്രാമത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. ചോറ്റുപാത്രത്തില്‍ ഘടിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇത് ഡ്രോണ്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കടത്തിയതെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.
 
സ്‌ഫോടക വസ്തുക്കളും മറ്റ് വെടിക്കോപ്പുകളും ഹൈടെക് ഡ്രോണിന്റെ സഹായത്തോടെയാണ് അതിര്‍ത്തി കടത്തി ഇന്ത്യയില്‍ എത്തിച്ചത്. സമാന രീതിയില്‍ ഡ്രോണ്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ ഒരു ബാഗില്‍ നിന്ന് അഞ്ച്  ഗ്രനേഡുകളും പോലീസ് പിടിച്ചെടുത്തതായി പഞ്ചാബ് ഡി.ജി.പി ദിനകര്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

ആഗസ്റ്റ് 7, 8 തീയതികളില്‍ രാത്രിയില്‍ പ്രദേശത്ത് ഡ്രോണുകള്‍ നീങ്ങുന്ന ശബ്ദം ഗ്രാമവാസികള്‍ കേട്ടതായി റിപ്പാര്‍ട്ടുകള്‍ ലഭിച്ചതായി ഡിജിപി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി പോലീസിന് സൂചന ലഭിക്കുകയായിരുന്നു. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍, ബാഗില്‍ ഡബിള്‍ ഡെക്കര്‍ പ്ലാസ്റ്റിക് ടിഫിനും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും 100 വെടിയുണ്ടകളും അടങ്ങിയ ഏഴ് സഞ്ചികള്‍ പോലീസ് കണ്ടെത്തുകയായിരുന്നു. 2 കിലോ തൂക്കമുള്ള സ്‌ഫോടക വസ്തുക്കള്‍, ഒരു സ്വിച്ച്, റിമോട്ട് കണ്‍ട്രോള്‍ എന്നിവയും ബാഗിനുള്ളില്‍ കണ്ടെത്തിയതായും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.

എന്‍.എസ്.ജിയെ വിവരം അറിയിച്ചുവെന്നും അവര്‍ അന്വേഷണം നടത്തുകയാണെന്നും ഡി.ജി.പി അറിയിച്ചു. കണ്ടെത്തിയത് വളരെ സങ്കീര്‍ണമായ ബോംബാണെന്ന് ഇന്നലെ രാത്രി എത്തിയ എന്‍.എസ്.ജി സംഘം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ഇതിന് ഏകദേശം 2-3 കിലോഗ്രാം ആര്‍.ഡി.എക്‌സും ഒരു സ്വിച്ച് മെക്കാനിസവും ഉണ്ട്. സമയബന്ധിതമായ ഒരു സ്‌ഫോടനമുണ്ടാക്കാന്‍ ഇതിന് കഴിയുമെന്നും ഡിജിപി പറഞ്ഞു. 

പൊതുജനങ്ങളുടെ സഹകരണത്തോടെ ഇത്തരം സ്‌ഫോടകവസ്തുക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് ഡി.ജി.പി പറഞ്ഞു. കുട്ടികളുടെ ടിഫിന്‍ ബോക്‌സില്‍ ആകര്‍ഷകമായ സ്റ്റിക്കര്‍ ഘടിപ്പിച്ചിട്ടുള്ള സ്‌ഫോടകവസ്തുക്കള്‍ കുട്ടികളെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Explosives smuggled to India by drone found in punjab