ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ ഡെല്‍റ്റ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനോടകം ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ ജനിതക മാറ്റംവന്ന പുതിയ വകഭേദമാണ് ഡെല്‍റ്റ പ്ലസ്. കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലായി ഇതിനോടകം 22 പേര്‍ക്കാണ് ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. 

ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ച ജില്ലകളിലും പ്രദേശങ്ങളിലും അടിയന്തരമായി കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇവിടങ്ങളില്‍ കോവിഡ് പരിശോധന വ്യാപകമാക്കണമെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. 

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണം. നിലവില്‍ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് പുതിയ വകഭേദം പിടിപെട്ടത്. ഈ സംഖ്യ വര്‍ധിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ വികെ പോള്‍ വ്യക്തമാക്കി. 

പുതിയ വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്ന് മഹാരാഷ്ട്രയിലെ ആരോഗ്യ വിദഗ്ധര്‍ ഭയപ്പെടുന്നത്. പ്രവചിച്ചതിലും നേരത്തെ മൂന്നാം തരംഗം സംഭവിച്ചേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ രാജ്യത്ത് സ്ഥിരീകരിച്ച ഡെല്‍റ്റാ പ്ലസ് കേസുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്. 

content highlights: Experts Worry New Delta Plus Variant Could Trigger Third Wave