ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കുമെന്ന സൂചന നല്‍കി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. എന്നാല്‍ കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ധര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമിതിയുടെ ഭാഗമാകാന്‍ തയ്യാറായില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമിതി സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഉണ്ടാകും.

പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മൂന്നുനാലു ദിവസത്തിനുള്ളില്‍ ഉത്തരവ് ഉണ്ടാകുമെന്നാണ് കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഉത്തരവ് വൈകാനുള്ള കാരണം രാവിലെ ഹര്‍ജികള്‍ മെന്‍ഷനിങ് നടത്തുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി.

അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായിരുന്ന സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്, മറ്റൊരു കേസ് മെന്‍ഷന്‍ ചെയ്യുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് പെഗാസസ് വിഷയത്തില്‍ അന്വേഷണത്തിനായി സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സമിതി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ധര്‍ സമിതിയുടെ ഭാഗമാകാന്‍ തയ്യാറായില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതു കാരണമാണ് സമിതി രൂപവത്കരണം വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

അന്വേഷണത്തിന് സമിതി രൂപവത്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ സമിതിയുടെ ഘടനയും പരിഗണനാ വിഷയങ്ങളുമാണ് ഇനി അറിയേണ്ടത്. പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷിക്കാന്‍ സമിതിയോട് കോടതി ആവശ്യപെടുമോ എന്നതും പ്രസക്തമാണ്. പെഗാസസ് ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മധ്യപ്രവത്തകരായ ശശികുമാര്‍, എന്‍. റാം, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ്, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിങ് തുടങ്ങി നിരവധി പേരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

content highlights: expert panel to enquire about pegasus phone tapping says supreme court