.ജോശിമഠിലെ ഒരു വീട് | Photo : PTI
ദെഹ്റാദൂണ്‍: നൂറുകണക്കിന് വീടുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ജനജീവിതം ദുസ്സഹമായിത്തീര്‍ന്ന ജോശീമഠില് പുരധിവാസപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. വിവിധ ഘടകങ്ങള്‍ ഇത്തരമൊരു ഭൗമപ്രതിഭാസത്തിന് വഴിതെളിച്ചിട്ടുണ്ടാവാമെന്ന് വിശദീകരിക്കുകയാണ് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടര്‍ കാലാചന്ദ് സെയിന്‍. മനുഷ്യനിര്‍മിതവും പ്രകൃത്യാലുള്ളതുമായ വ്യത്യസ്തഘടകങ്ങള്‍ ജോശീമഠിലെ ഭൂമി ഇളക്കമുള്ളതാക്കിത്തീര്‍ത്തിട്ടുണ്ടാവാമെന്ന് കാലാചന്ദ് സെയിന്‍ പറയുന്നു.
ഒരു നൂറ്റാണ്ട് മുമ്പുണ്ടായ ഭൂകമ്പത്തിന്റെ ബാക്കിപത്രമായി പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടാവുകയും അതിന്റെ അവശിഷ്ടങ്ങള്‍ പ്രദേശത്തിന്റെ അടിത്തറ ദുര്‍ബലമാക്കുകയും ചെയ്തിട്ടുണ്ടാവാമെന്ന് സെയിന്‍ പറഞ്ഞു. ഭൂമിക്കടിയിലെ പാറകള്‍ക്കും മറ്റും കാലക്രമേണ സ്വാഭാവികമായി സംഭവിക്കാവുന്ന ബലക്ഷയത്തേക്കാളുപരി ഭൂചലനങ്ങള്‍ മൂലമുള്ള ബലക്ഷയം പ്രദേശത്തുണ്ടായിട്ടുണ്ടാവാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂകമ്പസാധ്യത കൂടിയ സീസ്മിക് സോണ്‍ 5 കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ജോശീമഠ്. ഇത്തരം മേഖലകളില്‍ ഭൂമി ഇടിഞ്ഞുതാഴുന്നത് സ്വാഭാവികമാണ്.
ജോശീമഠ് സ്ഥിതിചെയ്യുന്നത് ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ക്ക് മീതെയാണെന്ന് ഹിമാലയന്‍ ഗസറ്റിയറില്‍ 1886-ല്‍ തന്നെ ഗ്രന്ഥകര്‍ത്താവ് ഇ.ടി. അറ്റ്കിന്സണ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെയിന്‍ പറയുന്നു. പുരാതനവും താണുപോകുന്നതുമായ മേഖലയിലാണ് ജോശീമഠ് സ്ഥിചെയ്യുന്നതെന്ന് 1976 ലെ മിശ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതായും സെയിന്‍ കൂട്ടിച്ചേര്‍ത്തു. ആഴം കുറയുന്ന ഹിമാലയന്‍ നദികളും കനത്തമഴയും പ്രദേശത്തിന്റെ പ്രത്യേകതകളാണെങ്കിലും റിഷിഗംഗയിലും ദൗലിഗംഗയിലും കഴിഞ്ഞകൊല്ലമുണ്ടായ മിന്നല്‍പ്രളയങ്ങളും വിള്ളല്‍ പ്രതിഭാസത്തിന് ആക്കം കൂട്ടിയതായും സെയിന്‍ പറഞ്ഞു.
തീര്‍ഥാടനകേന്ദ്രങ്ങായ ബദ്രിനാഥ്, ഹേംകുണ്ട് സാഹിബ് എന്നിവടങ്ങളിലേക്കുള്ള പ്രവേശനമാര്‍ഗമായതിനാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ക്രമാതീതമുണ്ടാകുന്ന വര്‍ധനവും ഏഷ്യയിലെ ഏറ്റവും ര്ൈഘ്യമേറിയ ഓലിയിലെ കേബിള്‍ കാറിന് വേണ്ടി ദീര്‍ഘകാലം തുടര്‍ന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും പ്രദേശത്തെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടാവാമെന്ന് സെയിന്‍ അഭിപ്രായപ്പെട്ടു. ഹോട്ടലുകളുടേയും റെസ്റ്റോറന്റുകളുടേയും സന്ദര്‍ശകരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതും കാരണമാകുന്നതായി സെയിന്‍ കൂട്ടിച്ചേര്‍ത്തു.
പട്ടണത്തിലെ പലവീടുകളും പാര്പ്പിടയോഗ്യമല്ലാതായിത്തീര്ന്നിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഒഴിപ്പിച്ച ശേഷം ജോശീ
മഠിലെ ഭൂകമ്പസാധ്യതകളെ കുറിച്ച് പഠനം നടത്തുകയും ജലനിര്‍ഗമനമാര്‍ഗങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്യുന്നത് അഭികാമ്യമാണെന്നും സെയിന്‍ അഭിപ്രായപ്പെട്ടു.
ജോശീമഠിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായത്. ഇവിടെ 561 വീടുകള്‍ അപകടനിലയിലാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ റോഡുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 600 ഓളം വീടുകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അടിയന്തരനടപടികള്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ചിരുന്നു. ഭൗമപ്രതിഭാസത്തെ കുറിച്ച് പഠനം നടത്താനായി കേന്ദ്രം വിദഗ്ധസംഘത്തെ നിയോഗിച്ചു. ആരോഗ്യസംവിധാനങ്ങള്‍ സുസജ്ജമാകണമെന്നും വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കടക്കം തയ്യാറായിരിക്കണമെന്നും ധാമി നിര്‍ദേശം നല്‍കിയിരുന്നു. പ്രദേശത്തെ ഒരു ക്ഷേത്രമുള്‍പ്പെടെ തകര്‍ന്നുവീണത് ജനങ്ങളെ കൂടുതല്‍ ആശങ്കാകുലരാക്കിയിരുന്നു.

Content Highlights: Sinking Of Joshimath, Joshimath Sinking, Uttarakhand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..