ന്യൂഡല്‍ഹി:  വിമാനത്താവളത്തില്‍ വെച്ച് ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്ന് സിഐഎസ്എഫ് ജവാന്‍ ചോദിച്ചെന്ന ഡിഎംകെ എംപി കനിമൊഴിയുടെ ആരോപണത്തിന് പിറകെ തനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. 

'സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും സാധാരണപൗരന്മാരില്‍നിന്നും എനിക്കും സമാനമായ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ടെലഫോണ്‍ സംസാരത്തിനിടയിലും ചിലപ്പോള്‍ മുഖാമുഖം സംസാരിക്കുമ്പോഴും ഹിന്ദിയില്‍ സംസാരിക്കണമെന്ന് അവര്‍ നിര്‍ബന്ധം പിടിക്കും.' ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

വിമാനത്താവളത്തില്‍ ഡിഎംകെ എംപി കനിമൊഴിക്കുണ്ടായ അനുഭവം അസാധാരണമായ ഒന്നല്ലെന്നും സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ ദ്വിഭാഷികളായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്ന ഹിന്ദി സംസാരിക്കാനറിയാത്തവര്‍ വളരെ വേഗത്തില്‍ ഭാഷ സ്വായത്തമാക്കാറുണ്ട്. എന്നാല്‍ കേന്ദ്ര സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കുന്ന ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 

തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് വിമാനത്താവളത്തിലെ സിഐഎസ് എഫ് ജവാന്‍ തന്നോട് ഇന്ത്യനാണോ എന്ന് ചോദിച്ചതായി കനിമൊഴി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്യുന്നത്. ഇന്ത്യന്‍ എന്നുപറയുന്നത് ഹിന്ദി അറിയുന്ന വ്യക്തിക്ക് തുല്യമായി മാറിയത് എപ്പോഴാണെന്നറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കനിമൊഴിയുടെ ട്വീറ്റിന് പിന്തുണയുമായി എംപിമാരായ മാണിക്കം ടാഗോര്‍, കാര്‍ത്തി പി ചിദംബരം എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: Experienced similar taunts from government officers says P.Chidambaram