ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. 

പ്രതികളെ തൂക്കിലേറ്റിയതിന്റെ നടപടിക്രമങ്ങള്‍ 

പുലര്‍ച്ചെ 4.30- ജയില്‍ അടച്ചു

പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി തിഹാര്‍ ജയില്‍ അടച്ചിട്ടു. മറ്റു തടവുകാരെ എല്ലാം ലോക്കപ്പില്‍ പൂട്ടിയിട്ടു. ശിക്ഷ നടപ്പാക്കി മൃതദേഹം പുറത്തേക്ക് കൊണ്ടുപോകുന്നതുവരെ മറ്റു തടവുകാരെ സെല്ലുകളില്‍ നിന്ന് പുറത്തുവിട്ടില്ല. തൂക്കിലേറ്റപ്പെട്ടവരുടെ ബന്ധുക്കളെയോ മറ്റു തടവുകാരെയോ വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ അനുവദിച്ചില്ല.

4.45-  ജയിലിന് പുറത്തുള്ള സുരക്ഷ വിലയിരുത്തുന്നു

തിഹാര്‍ ജയിലിന് പുറത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇവിടെ സുരക്ഷക്കായി അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരുന്നത്. ജയിലിന് പുറത്തുള്ള എല്ലാ വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.

കുറ്റവാളികള്‍ തൂക്കുമരത്തിലേക്ക്

ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവര്‍ കുറ്റവാളികളുടെ സെല്ലിലേക്ക് രാവിലെ എത്തിയിരുന്നു. കുറ്റവാളിയുടെ വില്‍പത്രമോ മറ്റെന്തെങ്കിലുമോ ഒപ്പിട്ടുവാങ്ങാനുണ്ടോ എന്ന് ചോദിച്ചു. തുടര്‍ന്ന് അവര്‍ തൂക്കുമരത്തിനടുത്തേക്ക്. അപ്പോഴും തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളികള്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിരീക്ഷണത്തില്‍ സെല്ലില്‍ത്തന്നെ തുടര്‍ന്നു. അതിനുശേഷം കുറ്റവാളികളുടെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് തുടര്‍ന്ന് തൂക്കുമരത്തിനടുത്തേക്ക്. ഡെപ്യൂട്ടി സൂപ്രണ്ട്, ഹെഡ് വാര്‍ഡര്‍, വാര്‍ഡര്‍മാര്‍ എന്നിവര്‍ അനുഗമിച്ചു.

5.30-നാല് പ്രതികളേയും തൂക്കിലേറ്റി

പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയിലാണ് ശിക്ഷ നടപ്പാക്കിയത്. നാല് പേരേയും ഒരുമിച്ച് തൂക്കിലേറ്റി.

തൂക്കുമരത്തിനടുത്തേക്ക് എത്തുന്നതിന് മുമ്പേ കുറ്റവാളികളെ മുഖംമൂടുന്ന തൊപ്പി ധരിപ്പിച്ചു. തൂക്കുമരം കാണാന്‍ കുറ്റവാളിയെ അനുവദിച്ചില്ല. തൂക്കുമരത്തിന്റെ തൊട്ടുതാഴേക്ക് കുറ്റവാളികളെ നടത്തിക്കൊണ്ടുപോയി.

കുറ്റവാളികളുടെ ഇരുകാലുകളും ആരാച്ചാര്‍ പരസ്പരം ബന്ധിപ്പിച്ചു. തൂക്കുകയര്‍ കഴുത്തില്‍ മുറുക്കി. ശരിയായ രീതിയിലാണ് തൂക്കുകയര്‍ കഴുത്തിലിട്ടിരിക്കുന്നതെന്ന് സൂപ്രണ്ട് ഉറപ്പുവരുത്തി.

സൂപ്രണ്ടിന്റെ സൂചന വന്നതോടെ ആരാച്ചാര്‍ ലിവര്‍ വലിക്കുകയും ട്രാപ് ഡോര്‍ തുറന്ന് കുറ്റവാളികള്‍ താഴേക്ക് തൂങ്ങുകയും ചെയ്തു. അരമണിക്കൂറോളം മൃതദേഹം കയറില്‍ തൂങ്ങിനിന്നു. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹങ്ങള്‍ കയറില്‍നിന്ന് അഴിച്ചുമാറ്റി. 

6.00 ഡോക്ടര്‍ മരണം ഉറപ്പുവരുത്തി

തൂക്കിലേറ്റി അരമണിക്കൂറിന് ശേഷം മൃതദേഹങ്ങള്‍ കഴുമരത്തില്‍ നിന്ന് താഴെയിറക്കി. ചട്ടപ്രകാരം ഡോക്ടര്‍ പരിശോധിച്ച് മരിച്ചെന്ന് ഉറപ്പുവരുത്തി. മരണവാറന്റയച്ച കോടതിയെ ശിക്ഷ നടപ്പാക്കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

6.46- തൂക്കിലേറ്റാന്‍ കഴുമരത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി പ്രതികള്‍ ഒരു ആഗ്രഹവും പ്രകടിപ്പിച്ചില്ലെന്ന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

7.00-മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജയിലിന് പുറത്തേക്ക്

തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ജയിലിന് പുറത്തേക്ക് കൊണ്ടുപോകുന്നു. രണ്ട് ആംബുലന്‍സുകളിലായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.

7.30 അടച്ച ജയില്‍ തുറന്നു

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനായി അടച്ചിട്ട ജയില്‍ മുറികള്‍ തുറന്നു. തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസിനാണ് തിഹാര്‍ ജയിലിന്റെ സുരക്ഷാ ചുമതല. 

8.00 പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

പോസ്റ്റുമോര്‍ട്ടം നടപടികള്‍ കൃത്യം എട്ടുമണിക്ക് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രി മോര്‍ച്ചറിയില്‍ ആരംഭിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഡോ. ബി.എന്‍. മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. നടപടികളുടെ വീഡിയോ ചിത്രീകരണം നടത്തുന്നുണ്ട്.

Content Highlights: execution of the accused in the Nirbhaya case