ന്യൂഡല്‍ഹി:  ചൈനീസ് ബന്ധമുള്ള കമ്പനികളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്രതീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഇതുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.  

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ ജൂലൈ 23 മുതലാണ് ഈ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് കഴിഞ്ഞയാഴ്ച മുതല്‍ ചൈനയില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതോടെ ചൈനീസ് എണ്ണവ്യാപാരസ്ഥാപനങ്ങളായ സിഎന്‍ഒഒസി ലിമിറ്റഡ്, യൂണിപെക്, പെട്രോചൈന തുടങ്ങിയ കമ്പനികള്‍ക്ക് ഇറക്കുമതി ടെണ്ടര്‍ അയക്കുന്നത് ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ നിര്‍ത്തിവെച്ചു. ടെണ്ടറില്‍ ഏര്‍പ്പെടണമെങ്കില്‍ ഫെഡറൽ കൊമേഴ്‌സ് മന്ത്രാലയത്തില്‍  രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നാണ് പുതിയ നിബന്ധന. 

ലോകത്തെ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മൊത്ത ആവശ്യത്തിന്റെ 84 ശതമാനമാവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.