ന്യൂഡല്‍ഹി: ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ ദേശീയ ഉദ്യാനത്തില്‍ റോഡ് മുറിച്ചുകടക്കുന്ന മാനുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളുടെ മനം കവരുന്നു. വേലവധാര്‍ ദേശീയോദ്യാനത്തിലാണ് സംഭവം നടന്നത്. ഗുജറാത്ത് ഇന്‍ഫൊര്‍മേഷന്‍ ഡിപ്പാര്‍ട്‌മെന്റാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 3000-ല്‍ പരം മാനുകളുണ്ടെന്നാണ് വീഡിയോ പങ്കുവെച്ച് അവര്‍ പറഞ്ഞത്.

ഈ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റീട്വീറ്റ്‌ ചെയ്തിട്ടുണ്ട്. അതിഗംഭീരമെന്നാണ് വീഡിയോ പങ്കുവെച്ച് മോദി വിശേഷിപ്പിച്ചത്. 

പ്രത്യേക സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയാണ് ബ്ലാക്ബക്‌സ് എന്നറിയപ്പെടുന്ന ഈ മാനുകള്‍. 1972-ലെ വന്യജീവി നിയമപ്രകാരം ഇവയെ വേട്ടയാടുന്നത് കുറ്റകരമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു കാലത്ത് ധാരാളമായി കണ്ടുവന്നിരുന്ന ഇവ വേട്ടയാടല്‍ വര്‍ധിച്ചതോടെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഇടം പിടിച്ചു. 

Content Highlights: Excellent pm modi shares video of over 3000 blackbucks crossing a road