ലക്‌നൗ: ചിത്രകൂട് ലൈംഗീക പീഡനക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവ്. ലഖ്നൗവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് മന്ത്രിസഭയിലെ പ്രധാന അംഗമായമായിരുന്ന പ്രജാപതി ഗതാഗത, ഖനന മന്ത്രാലയങ്ങളുടെ ചുമതലയാണ് വഹിച്ചിരുന്നത്. 

ചിത്രകൂടിലെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. 2017 മാര്‍ച്ചിലായിരുന്നു അറസറ്റ്. 2014 ഒക്ടോബര്‍ മുതല്‍ മന്ത്രിയും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. 2016 ജൂലായില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെയും പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ യുവതി തീരുമാനിക്കുന്നത്.

പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ യുവതി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിക്കെതിരെ അന്ന് ഗൗതംപള്ളി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2017 ഫെബ്രുവരി 18നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് മാര്‍ച്ചില്‍ മന്ത്രി അറസ്റ്റിലാവുകയും അന്നുമുതല്‍ ജയിലില്‍ കഴിഞ്ഞുവരികയുമായിരുന്നു. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് പ്രജാപതിയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പ്രതികള്‍. ശുക്ല അമേഠിയില്‍ മുന്‍ റവന്യൂ ക്ലാര്‍ക്കും തിവാരി കരാറുകാരനുമായിരുന്നു.

Content Highlights: Ex-UP minister gayatri prasad prajapati gets life sentence in sexual assault case