ആനന്ദ് മോഹൻ സിങ് | Photo: ANI
പട്‌ന: ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ലോക്‌സഭാ മുന്‍ എം.പി. ആനന്ദ് മോഹന്‍ സിങ് ഉള്‍പ്പെടെ 27 പേര്‍ക്ക് ജയില്‍മോചനത്തിന് അവസരം ഒരുക്കി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍. ബിഹാര്‍ ജയില്‍ മാനുവലില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെയാണ് ഇത്രയധികം പേര്‍ക്ക് മോചനം ലഭിച്ചത്. അതേസമയം നടപടിയ്‌ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.
1994-ല്‍ ഐ.എ.എസ്. ഓഫീസര്‍ ജി. കൃഷ്ണയ്യ കൊല്ലപ്പെട്ട സംഭവത്തിലാണ് ആനന്ദ് മോഹന്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്നത്. ഗോപാല്‍ഗഞ്ചിലെ ജില്ലാ മജിസ്‌ട്രേട്ട് ആയിരുന്നു കൃഷ്ണയ്യ. ഇന്നത്തെ തെലങ്കാനയിലെ മെഹ്ബൂബ് നഗര്‍ സ്വദേശിയായിരുന്ന ഇദ്ദേഹം 1985 ബാച്ച് ഐ.എ.എസ്. ഓഫീസറായിരുന്നു. ആനന്ദ് മോഹന്‍ സിങ്ങിന്റെ പ്രകോപനത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 1994 ഡിസംബര്‍ അഞ്ചിന് മുസാഫര്‍പുറില്‍വെച്ചാണ് കൃഷ്ണയ്യ കൊല്ലപ്പെട്ടത്.
2007-ല്‍ ബിഹാറിലെ ഒരു കീഴ്‌ക്കോടതി കേസില്‍ ആനന്ദ് മോഹനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം വിധിക്കെതിരേ പട്‌ന ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ചു നല്‍കി. ഇതിനെതിരേ ആനന്ദ് മോഹന്‍ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും 2012-ല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയ്ക്കിടെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ശിക്ഷായിളവ് നല്‍കേണ്ടതില്ലെന്ന ചട്ടം ഏപ്രില്‍ മാസം ആദ്യം നിതീഷ് സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഇതാണ് ആനന്ദ് മോഹന് ഗുണകരമായത്. അതേസമയം ആനന്ദ് മോഹന്റെ ജയില്‍മോചനത്തിനെതിരേയും ചട്ടം ഒഴിവാക്കിയതിനെതിരേയും മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. നടപടി ദളിത് വിരുദ്ധമാണെന്ന് ബി.എസ്.പി. വിമര്‍ശിച്ചു.
രജ്പുത് നേതാവായ ആനന്ദ് മോഹന് സമുദായവോട്ടുകളില്‍ നിര്‍ണായകസ്വാധീനമാണുള്ളത്. കഴിഞ്ഞ രണ്ടുകൊല്ലമായി രജ്പുത് സമുദായത്തില്‍നിന്നുള്ള പലനേതാക്കളും ആനന്ദ് മോഹന്റെ ജയില്‍മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Content Highlights: ex mp convicted in ias officer murder case to be freed in bihar after prison rule amendment


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..